ദുബായ്: ടെസ്റ്റ് ക്രിക്കറ്റ് ഉടന്‍ പുനരാരാംഭിക്കാനാവില്ലെന്ന് സൂചന നല്‍കി ഐസിസി. ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഇറങ്ങണമെങ്കില്‍ ബൗളര്‍മാര്‍ക്ക് രണ്ടോ മൂന്നോ മാസത്തെ പരിശീലനമെങ്കിലും വേണ്ടിവരുമെന്ന് ഐസിസി വ്യക്തമാക്കി. പരിശീലനമില്ലാതെ പന്തെറിയാനിറങ്ങുന്നത് ബൗളര്‍മാര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇടയാക്കുമെന്നും ഐസിസി മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിനെതിരെ ജൂലൈയില്‍ നടക്കേണ്ട ടെസ്റ്റ് പരമ്പരക്കായി ഇംഗ്ലീഷ് താരങ്ങള്‍ വ്യക്തിഗത പരിശീലനം തുടങ്ങിയ സാഹചര്യത്തിലാണ് ഐസിസി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ഓഗസ്റ്റില്‍ പാക്കിസ്ഥാനും മൂന്ന് ടെസ്റ്റുകളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്ന പരമ്പക്കായി ഇംഗ്ലണ്ടിലെത്തുന്നുണ്ട്.

Also Read: ക്രിക്കറ്റ് ആരവം കാത്ത് ആരാധകക്കൂട്ടം; നിര്‍ണായക പ്രഖ്യാപനവുമായി ഐസിസി

പരിക്കേല്‍ക്കുന്നത് തടയാനായി പരമ്പരകള്‍ക്കായി ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി കൂടതല്‍ കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തുകയും അതുവഴി ബൗളര്‍മാരുടെ ജോലിഭാരം കുറക്കുകയും വേണമെന്നും ഐസിസി നിര്‍ദേശിച്ചിട്ടുണ്ട്. ഏകദിന, ടി20 മത്സരങ്ങള്‍ക്ക് മുമ്പ് ബൗളര്‍മാര്‍ക്ക് ആറാഴ്ചയെങ്കിലും പരിശീലനം വേണമെന്നും ഐസിസി നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Also Read:ഐപിഎല്‍ എപ്പോള്‍?; സൂചന നല്‍കി ബിസിസിഐ

14 ദിവസത്തെ സമ്പർക്ക വിലക്കിൽ പരിശീലന ക്യാമ്പുകൾ നടത്തണമെന്നാണ് ഐസിസിയുടെ മറ്റൊരു പ്രധാന നിര്‍ദേശം. കൂടാതെ, ടീമുകൾ മെഡിക്കൽ ഓഫീസർമാരെ നിയമിക്കണം. ആഭ്യന്തര, രാജ്യാന്തര മത്സരങ്ങള്‍ ഈ മാനദണ്ഡപ്രകാരം മാത്രമേ സംഘടിപ്പിക്കാകൂവെന്നും ഐസിസി നിര്‍ദേശത്തില്‍ പറഞ്ഞിട്ടുണ്ട്.  ഐസിസിയുടെ ആരോഗ്യ ഉപദേശക സമിതി വിദഗ്ധരുമായി ചര്‍ച്ച നടത്തിയാണ് സുരക്ഷിതമായി മത്സരങ്ങള്‍ നടത്തുന്നതിനായുള്ള നിര്‍ദേശങ്ങള്‍ പുറത്ത് വിട്ടത്.