മെല്‍ബണ്‍: ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ് ബോക്‌സിംഗ് ഡേ ടെസ്റ്റിന്‍റെ ആദ്യദിനം മൈതാനത്ത് ഏറ്റുമുട്ടി സ്റ്റീവ് സ്‌മിത്തും അംപയര്‍ നീല്‍ ലോംഗും. സ്‌മിത്ത് നേരിട്ട രണ്ട് പന്തുകള്‍ ഫീല്‍ഡ് അംപയറായ ലോംഗ് 'ഡെഡ് ബോള്‍' വിളിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്. ഇതോടെ ചൂടേറിയ വാഗ്‌‌വാദത്തിന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് വേദിയാവുകയായിരുന്നു. 

പെര്‍ത്തില്‍ രണ്ടിന്നിംഗ്‌സിലും സ്‌മിത്തിനെ പുറത്താക്കിയ കിവീസ് പേസര്‍ നീല്‍ വാഗ്നറാണ് മെല്‍ബണില്‍ പന്തെറിഞ്ഞുകൊണ്ടിരുന്നത്. സ്‌മിത്തിനെതിരെ തുടര്‍ച്ചയായി ബൗണ്‍സറുകള്‍ എറിഞ്ഞ് വാഗ്‌നര്‍ മത്സരത്തിന് ചൂടുപിടിപ്പിച്ചു. രണ്ട് ബൗണ്‍സറുകള്‍ സ്‌മിത്തിന്‍റെ ശരീരത്തില്‍ പതിച്ചു. എന്നാല്‍ പന്ത് ശരീരത്തില്‍ തട്ടിയതും സ്‌മിത്ത് റണ്‍സിനായി ഓടി. 'നീല്‍ ഡെഡ്' ബോള്‍ വിളിച്ചു.

സ്‌മിത്തിന്‍റെ ആദ്യത്തെ റണ്ണിനുള്ള ശ്രമം വലിയ ചര്‍ച്ചയായില്ലെങ്കിലും രണ്ടാമത്തെ ഓട്ടമാണ് വിവാദപ്പോരിന് വഴിതുറന്നത്. ശരീരത്തില്‍ കൊണ്ട പന്തില്‍ റണ്ണിനായി സ്‌‌മിത്ത് ഓടിയപ്പോള്‍ നീല്‍ വീണ്ടും 'ഡെഡ് ബോള്‍' വിളിച്ചു. ഇതോടെ അംപയറിന് അടുത്തെത്തി സ്‌മിത്ത് ചൂടാവുകയായിരുന്നു. നീലിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്ത് മത്സരത്തിലെ കമന്‍റേറ്ററായ ഇതിഹാസ സ്‌പിന്നര്‍ ഷെയ്‌ന്‍ വോണ്‍ രംഗത്തെത്തി. 

അംപയറെ കടന്നാക്രമിച്ച് ഷെയ്‌ന്‍ വോണ്‍

'അംപയറുടെ തീരുമാനം തെറ്റാണ്. വൈകാരികമായി പ്രതികരിക്കാന്‍ സ്റ്റീവ് സ്‌മിത്തിന് എല്ലാ അവകാശവുമുണ്ട്. നീല്‍ ലോംഗ് നല്‍കിയ വിശദീകരണം ഉചിതമല്ല. ഷോട്ട് പിച്ച് പന്തില്‍ ഒഴിഞ്ഞുമാറുമ്പോള്‍ ശരീരത്തില്‍ എവിടെ തട്ടിയാലും, ഷോട്ട് കളിച്ചില്ലെങ്കില്‍ കൂടിയും റണ്ണിനായി ഓടാമെന്നാണ് നിയമം. അതിനാല്‍ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ നീല്‍ ലോംഗിന് ഇതാരെങ്കിലും പറഞ്ഞുകൊടുക്കും എന്നാണ് കരുതുന്നതെന്നും' ഷെയ്‌ന്‍ വോണ്‍ വ്യക്തമാക്കി. 

മെല്‍ബണ്‍ ടെസ്റ്റില്‍ മികച്ച ഫോമിലാണ് സ്റ്റീവ് സ്‌മിത്ത് ബാറ്റ് വീശുന്നത്. 103 പന്തില്‍ നിന്ന് 28-ാം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ താരം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പുറത്താകാതെ 67 റണ്‍സെടുത്തിട്ടുണ്ട്. നാല് വിക്കറ്റിന് 228 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ. സ്‌മിത്തിനൊപ്പം ട്രാവിസ് ഹെഡാണ് ക്രീസില്‍. ജോ ബേണ്‍സ്(0), ഡേവിഡ് വാര്‍ണര്‍(41), മാര്‍നസ് ലാബുഷെയ്‌ന്‍(63), മാത്യു വെയ്‌ഡ്(38) എന്നിവരുടെ വിക്കറ്റാണ് ഓസീസിന് നഷ്‌ടമായത്.