മെല്‍ബണ്‍: വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ് ബോക്‌സിംഗ് ഡേ ടെസ്റ്റിന്‍റെ ആദ്യ ദിനം ടിം സൗത്തിയുടെ ഗംഭീര ക്യാച്ച്. അപകടകാരിയായ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കാനാണ് രണ്ടാം സ്ലിപ്പില്‍ സൗത്തി ഒറ്റകൈയന്‍ ക്യാച്ചെടുത്തത്. ആദ്യ സ്ലിപ്പില്‍ നിന്നിരുന്ന റോസ് ടെയ്‌ലര്‍ എടുക്കേണ്ടിയിരുന്ന ക്യാച്ച് സൗത്തി എത്തിപ്പിടിക്കുകയായിരുന്നു. 

ഓസീസ് ഇന്നിംഗ്‌സിന്‍റെ 22-ാം ഓവറില്‍ വാഗ്‌നറുടെ പന്തിലാണ് വാര്‍ണര്‍ വീണത്. 64 പന്തില്‍ 41 റണ്‍സടിച്ച് മുന്നേറുകയായിരുന്നു വാര്‍ണര്‍ ഈസമയം. മൂന്ന് ബൗണ്ടറികള്‍ വാര്‍ണര്‍ നേടി. ആദ്യ ഓവറിലെ നാലാം പന്തില്‍ ജോ ബേണ്‍സിന്‍റെ നഷ്‌ടമായ ഓസീസിനെ മാര്‍നസ് ലാബുഷെയ്‌നൊപ്പം കരകയറ്റാന്‍ ശ്രമിക്കവെയാണ് വാര്‍ണര്‍ പുറത്തായത്. ബേണ്‍സ് ട്രെന്‍ഡ് ബോള്‍ട്ടിന്‍റെ പന്തില്‍ ഗോള്‍ഡണ്‍ ഡക്കാവുകയായിരുന്നു.

എന്നാല്‍ മിന്നും ഫോം തുടരുന്ന ലാബുഷെയ്ന്‍ അര്‍ധ സെഞ്ചുറി നേടി. 149 പന്തില്‍ 63 റണ്‍സെടുത്തതാണ് താരം മടങ്ങിയത്. ആറ് ബൗണ്ടറികളും ഒരു സിക്‌സും മാര്‍നസിന്‍റെ ഇന്നിംഗ്‌സിന് തിളക്കമായി. സ്റ്റീവ് സ്‌മിത്തിനൊപ്പം 83 റണ്‍സ് കൂട്ടുകെട്ടും ലാബുഷെയ്ന്‍ പടുത്തുയര്‍ത്തു. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 165-3 എന്ന നിലയിലാണ് ഓസീസ്. അര്‍ധ സെഞ്ചുറി പിന്നിട്ട് സ്റ്റീവ് സ്‌മിത്തും(51*), മാത്യു വെയ്‌ഡുമാണ്(7*) ക്രീസില്‍.