Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പില്‍ ജസ്പ്രീത് ബുമ്ര തിളങ്ങണോ? ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ബ്രാഡ് ഹോഗ്

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ജസ്പ്രീത് ബുമ്ര മിന്നും ഫോമിലാണ്. ആദ്യ ഏകദിനത്തില്‍ 19 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്‌ത്തിയിരുന്നു

Brad Hogg suggest Team India how to handle Jasprit Bumrah before T20 WC 2022
Author
Sydney NSW, First Published Jul 16, 2022, 1:24 PM IST

സിഡ്‌നി: ടെസ്റ്റ് മത്സരങ്ങളിലും ടി20 ലോകകപ്പ് പോലുള്ള വമ്പന്‍ ടൂര്‍ണമെന്‍റുകളിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനായി ജസ്പ്രീത് ബുമ്രയെ(Jasprit Bumrah) പോലുള്ള പേസര്‍മാര്‍ക്ക് വിശ്രമം നല്‍കുന്നത് തുടരണമെന്ന് ഓസീസ് മുന്‍ സ്‌പിന്നര്‍ ബ്രാഡ് ഹോഗ്(Brad Hogg). ബുമ്രയുടെ ഫിറ്റ്‌നസ് നന്നായി കൈകാര്യം ചെയ്യുന്നതിലൂടെ ലോകകപ്പില്‍(ICC Men's T20 World Cup 2022) മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് ഹോഗ് പറഞ്ഞു. ബ്രെറ്റ് ലീയുടെ മുന്‍ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ഹോഗിന്‍റെ നിര്‍ദേശം. ഓസ്‌ട്രേലിയയില്‍ ഒക്ടോബർ 16 മുതൽ നവംബർ 13 വരെയാണ് ടി20 ലോകകപ്പ് നടക്കുക.

'തീര്‍ച്ചയായും ജസ്പ്രീത് ബുമ്ര മികച്ച ബൗളറാണ്. ടീമിന്‍റെ ഏറ്റവും വലിയ കരുത്ത് എന്ന നിലയില്‍ എല്ലാ ടീമുകളും പേസര്‍മാരെ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. ഫിസിയോമാര്‍ ഇക്കാര്യം ശ്രദ്ധിക്കണം. പേസര്‍മാരുടെ അത്ര ജോലിഭാരം സ്‌പിന്ന‍ര്‍മാര്‍ക്കോ ബാറ്റര്‍മാര്‍ക്കോ വരില്ല. ബുമ്രയുടെ ഏറ്റവും മികച്ച പ്രകടനം ടെസ്റ്റ് ക്രിക്കറ്റിലോ ടി20 ലോകകപ്പിലോ വേണമെങ്കില്‍ ടീമിന്‍റെ മെഡിക്കല്‍ സംഘം ശ്രദ്ധയോടെ താരത്തെ കൈകാര്യം ചെയ്യണം. മുഹമ്മദ് സിറാജിനെ പോലുള്ള താരങ്ങള്‍ക്ക് അവസരം നല്‍കുന്നത് മികച്ച കാര്യമാണ്' എന്നും ബ്രാഡ് ഹോ‌ഗ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. 

'ഞാന്‍ ചെറിയൊരു രഹസ്യം പറഞ്ഞുതരാം. 2003ലെ ലോകകപ്പില്‍ ബ്രെറ്റ് ലീയുടെ പ്രകടനം നമ്മള്‍ കണ്ടതാണ്. ലോകകപ്പിന് മുമ്പ് ഞങ്ങള്‍ക്കൊരു ടെസ്റ്റ് പരമ്പരയുണ്ടായിരുന്നു. എന്നാല്‍ ലോകകപ്പില്‍ ലീയുടെ ഏറ്റവും മികച്ച പ്രകടനം അനിവാര്യമായിരുന്നു. ഏകദിനത്തിലെ ഏറ്റവും വേഗമേറിയ ചില പന്തുകള്‍ പിന്നാലെ എറിയുകയായിരുന്നു ലീ. ലോകകപ്പില്‍ മികവ് കാട്ടാന്‍ ഫിസിയോമാര്‍ക്കൊപ്പം വ്യക്തമായ പ്ലാന്‍ ചെയ്യുകയായിരുന്നു' എന്നും ബ്രെറ്റ് ലീ കൂട്ടിച്ചേര്‍ത്തു. ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ലങ്കന്‍ പേസര്‍ ചാമിന്ദ വാസിന് പിന്നില്‍ രണ്ടാമതായി ലീ ഫിനിഷ് ചെയ്തിരുന്നു. 10 മത്സരങ്ങളില്‍ 22 വിക്കറ്റ് ഓസീസ് വേഗക്കാരന്‍ സ്വന്തമാക്കി. 

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ജസ്പ്രീത് ബുമ്ര മിന്നും ഫോമിലാണ്. ആദ്യ ഏകദിനത്തില്‍ 19 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്‌ത്തി. പിന്നാലെ രണ്ടാം ഏകദിനത്തില്‍ 49 റണ്ണിന് രണ്ട് വിക്കറ്റും വീഴ്‌ത്തി. ഇതിന് മുമ്പ് രണ്ടാം ടി20യില്‍ 10 റണ്ണിന് രണ്ട് വിക്കറ്റും ബുമ്ര സ്വന്തമാക്കിയിരുന്നു. 

World Athletics Championships 2022 : ലോംഗ്‌ജംപ് ഫൈനൽസിന് യോഗ്യത നേടി മലയാളി താരം എം ശ്രീശങ്കര്‍

Follow Us:
Download App:
  • android
  • ios