കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് യുവ തലമുറയുടെ കയ്യിൽ സുരക്ഷിതമാണെന്ന് ഓസ്‌ട്രേലിയൻ പേസ് ഇതിഹാസം ബ്രെറ്റ് ലീ. മികച്ച പേസ് നിരയാണ് ഇന്ത്യക്കുള്ളതെന്നും കോലിയും ഋഷഭ് പന്തുമടങ്ങുന്ന മികച്ച യുവനിര ശക്തമാണെന്നും ബ്രെറ്റ് ലീ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

'പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം ടീമില്‍ മടങ്ങിയെത്തിയ സ്റ്റീവ് സ്‌മിത്ത് ആഷസില്‍ മികച്ച പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. അടുത്ത വര്‍ഷത്തെ ട്വന്‍റി 20 ലോകകപ്പിൽ ആതിഥേയരായ ഓസ്‌ട്രേലിയ മികച്ച പ്രകടനം കാഴ്‌ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സച്ചിനെതിരെ പന്തെറിയാനാണ് കരിയറില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയത്' എന്നും ലീ കൂട്ടിച്ചേര്‍ത്തു. സച്ചിനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ താരമാണ് ലീ. 

നവജാത ശിശുക്കളിലെ കേൾവി പരിശോധനയുടെ ആവശ്യകതയെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് ബ്രെറ്റ് ലീ കൊച്ചിയിലെത്തിയത്. കോക്ലിയറിന്‍റെ ആഗോള ഹിയറിംഗ് അംബാസിഡറാണ് ബ്രെറ്റ് ലീ. എല്ലാ സര്‍ക്കാര്‍ കേന്ദ്രങ്ങളിലും നവജാതശിശുകളില്‍ ശ്രവണ പരിശോധന നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാരിനെ ലീ അഭിനന്ദിച്ചു.