ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ അവസാന ദിവസം പന്ത് ഉയര്‍ന്നും താഴ്ന്നും വരുന്ന ബ്രിസ്ബേന്‍ പിച്ചില്‍ ഓസീസ് ഉയര്‍ത്തിയ വെല്ലുവിളി ഏറ്റെടുക്കാന്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര തയാറാണെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്.  സമനിലക്കായല്ല, വിജയത്തിനായാണ് ഇന്ത്യഅവസാന ദിവസം ശ്രമിക്കുകയെന്നും ജയത്തോടെ പരമ്പര സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും സിറാജ് നാലാം ദിനത്തെ മത്സരത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിറാജ് പറഞ്ഞു.

സമനിലക്കായല്ല, വിജയത്തിനായാണ് ഞങ്ങള്‍ ശ്രമിക്കുക. നിരവധി താരങ്ങള്‍ പരിക്കേറ്റ് മടങ്ങിയിട്ടും നമ്മള്‍ പുറത്തെടുത്ത പോരാട്ടവീര്യവും ആദ്യ ഇന്നിംഗ്സില്‍ നടത്തിയ ഗംബീര തിരിച്ചുവരവുമെല്ലാം വിജയത്തോടെ പരമ്പര അവസാനിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ്. അതുകൊണ്ടുതന്നെ ബ്രിസ്ബേനില്‍ ജയിച്ച് പരമ്പര നേടാന്‍ തന്നെയാണ് അവസാന ദിവസം ക്രീസിലിറങ്ങുന്നത്.

സ്റ്റീവ് സ്മിത്തിന്‍റെ വിക്കറ്റെടുത്തതാണ് പരമ്പരയില്‍ തന്‍റെ ഏറ്റവും പ്രിയപ്പെട്ട പുറത്താക്കല്‍ എന്നും സിറാജ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് സ്മിത്ത്. പരമ്പരയില്‍ മുഴുവന്‍ സ്മിത്തിന്‍റെ വിക്കറ്റെടുക്കണമെന്നായിരുന്നു എന്‍റെ ആഗ്രഹം. മികച്ച ബൗണ്‍സ് ലഭിച്ചതിനാല്‍ സ്മിത്തിന്‍റെ വിക്കറ്റെടുക്കാനാവുമെന്ന പ്രതീക്ഷ കൂട്ടി. ലാബുഷെയ്നെ പുറത്താക്കാനായത് ആത്മവിശ്വാസം ഉയര്‍ത്തുകയും ചെയ്തു. ഒടുവില്‍ സ്മിത്തിനെ വീഴ്ത്താനുമായി.

പരമ്പരയില്‍ മുഴുവന്‍ തന്‍റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ച ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയോട് പ്രത്യേക നന്ദിയുണ്ടെന്നും സിറാജ് പറഞ്ഞു. അദ്ദേഹം എല്ലായ്പ്പോഴും എന്നോട് സംസാരിക്കാറുണ്ട്. അത് ആത്മവിശ്വാസം കൂട്ടിയെന്നും സിറാജ് വ്യക്തമാക്കി. മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 13 വിക്കറ്റെടുത്ത സിറാജ് ബ്രിസ്ബേന്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സിലെ അഞ്ച് വിക്കറ്റ് അടക്കം ആറ് വിക്കറ്റെടുത്തിരുന്നു.