മുംബൈ: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് ജസ്പ്രീത് ബുംറ ഇന്ത്യയുടെ ടെസ്റ്റ് ജേഴ്‌സിയില്‍ അരങ്ങേറിയത്. ഇതിനിടെ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് പര്യടനങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ ബുംറയ്ക്കായി. എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ ഒരു ടെസ്റ്റ് പോലും ബുംറ കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയാണ് ഇനി വരാനുള്ളത്. ബുംറ ഉറ്റുനോക്കുന്നതും ഇതിലേക്കാണ്.

ആദ്യമായി ഇന്ത്യയില്‍ കളിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ബുംറ. പേസര്‍ തുടര്‍ന്നു... ''എല്ലാ പരമ്പരകള്‍ക്ക് മുമ്പും ചെയ്യുന്നത് പോലെ ഹോംവര്‍ക്ക് ചെയ്തിട്ടുണ്ട്. പദ്ധതികളെ കുറിച്ച് സീനിയര്‍ താരങ്ങളുമായി സംസാരിക്കണം. പരമ്പരയ്ക്ക് ഇറങ്ങുംമുമ്പ് സാഹചര്യങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരിക്കണം.''

പരിചിതമല്ലാതിരുന്ന ഔട്ട്‌സിങ്ങറുകളെ കുറിച്ചും ബുംറ സംസാരിച്ചു. ''ഔട്ട്‌സ്വിങ്ങറുകള്‍ എറിയുമ്പോള്‍ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. ഔട്ട്‌സ്വിങ്ങറുകള്‍ എന്റെ ആയുധം തന്നെയാണ്. എന്നാല്‍ അധികം ഉപയോഗിച്ചിരുന്നില്ല. ഇംഗ്ലണ്ട് പര്യടനത്തിലെ സാഹചര്യം ഗുണം ചെയ്തു. വിന്‍ഡീസിലും വിജയകരമായി ചെയ്യാന്‍ സാധിച്ചു. 

ഒരു വര്‍ഷത്തിനിടെ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളില്‍ ടെസ്റ്റ് കളിക്കാന്‍ സാധിച്ചു. ഈ പര്യടനങ്ങളില്‍ നിന്ന് ലഭിച്ചത് വലിയ പാഠങ്ങളായിരുന്നു. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ കഴിയുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുകയെന്നത് ഏറെ നാളായുള്ള ആഗ്രഹമായിരുന്നു.'' ബുംറ പറഞ്ഞുനിര്‍ത്തി.