കലണ്ടർ വർഷത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ എട്ട് താരങ്ങളാണ് വേൾഡ് ടൂർ ഫൈനൽസിൽ മത്സരിക്കുക

ദില്ലി: ഈ വർഷത്തെ ഏറ്റവും മികച്ച താരങ്ങൾ മാറ്റുരയ്‌ക്കുന്ന ബാഡ്‌മിന്റൺ വേൾഡ് ടൂർ ഫൈനൽസിൽ ഇന്ത്യയിൽ നിന്ന് പി വി സിന്ധു മാത്രം. കലണ്ടർ വർഷത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ എട്ട് താരങ്ങളാണ് വേൾഡ് ടൂർ ഫൈനൽസിൽ മത്സരിക്കുക. ഈമാസം പതിനൊന്നിന് ഗുവാംഗ്ഷൂവിലാണ് മത്സരം തുടങ്ങുക. 

ലോക ബാഡ്‌മിന്‍റൺ കിരീടം നേടിയ സിന്ധുവിന് പിന്നീടുള്ള ടൂ‍ർണമെന്റുകളിൽ മികവ് ആവർത്തിക്കാനായിരുന്നില്ല. ആദ്യ ഒൻപത് റാങ്കിനുള്ളിൽ ഇല്ലാതെ വേൾഡ് ടൂർ ഫൈനൽസിന് യോഗ്യത നേടിയ ഏകതാരമാണ് സിന്ധു. സൈന നെഹ്‍വാൾ, കെ ശ്രീകാന്ത്, പി കശ്യപ്, സായ് പ്രണീത് തുടങ്ങിയവർക്ക് യോഗ്യത നേടാനായില്ല. 

സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേസലില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ജാപ്പനീസ് സൂപ്പര്‍ താരം നൊസോമി ഒകുഹാരയെ തോല്‍പിച്ചാണ് സിന്ധു ലോക കിരീടം നേടിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്ക് 21-7, 21- 7 എന്ന സ്‌കോറിനാണ് സിന്ധുവിന്‍റെ ജയം. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ആദ്യ കിരീടമായിരുന്നു ഇത്.