ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഈസ്റ്റ് ദില്ലി ബിജെപി എംപിയുമായ ഗൗതം ഗംഭീറിന്റെ അച്ഛന്റെ കാര്‍ മോഷണം പോയി. വെള്ള ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്യുവിയാണ് മോഷണം പോയത്. സെന്‍ട്രല്‍ ഡല്‍ഹിയിലെ രാജേന്ദ്ര നഗറിലെ വീടിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ വ്യാഴാഴ്ചയാണ് കാണാതായത്. ബുധനാഴ്ച വൈകീട്ട് 3.30ന് ശേഷമാണ് സംഭവം.

സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. കാറിലെത്തിയ മോഷ്ടാക്കള്‍ ഗംഭീറിന്റെ വീട്ടില്‍നിന്ന് കാര്‍ കടത്തിക്കൊണ്ടുപോവുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍, ഇവരുടെ മുഖം വ്യക്തമാവാത്തതാണ് പോലിസിനെ കുഴയ്ക്കുന്നത്.

ദീപകിന്റെ പരാതിയില്‍ രാജേന്ദ്ര നഗര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഫോറന്‍സിക് സംഘം സ്ഥലത്തുനിന്ന് വിരലടയാളങ്ങളും കാല്‍പ്പാടുകളും ശേഖരിച്ചു. പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ ഏര്‍പ്പാടാക്കി.