റ്യാന്‍ റിക്കിള്‍ട്ടണ്‍ (6), വിയാന്‍ മള്‍ഡര്‍ (27) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.

ലോര്‍ഡ്‌സ്: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയുടെ വിജയം വെറും 69 റണ്‍സ് അകലെ. 282 റണ്‍സ് വിജയലക്ഷ്യം പന്തുടരുന്ന ദക്ഷിണാഫ്രിക്ക മൂന്നാം ദിവസം പൂര്‍ത്തിയാവുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 213 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ചുറി നേടിയ എയ്ഡന്‍ മാര്‍ക്രം (102), തെംബ ബാവൂമ (65) എന്നിവര്‍ ക്രീസിലുണ്ട്. റ്യാന്‍ റിക്കിള്‍ട്ടണ്‍ (6), വിയാന്‍ മള്‍ഡര്‍ (27) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. രണ്ട് വിക്കറ്റുകളും മിച്ചല്‍ സ്റ്റാര്‍ക്കിനാണ്. ലോര്‍ഡ്സില്‍ മൂന്നാം ദിനം ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 207ന് അവസാനിക്കുകയായിരുന്നു. 58 റണ്‍സുമായി പുറത്താവാതെ നിന്ന മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിനെ മികച്ച ലീഡിലേക്ക് നയിച്ചത്. അലക്സ് ക്യാരി (43) മികച്ച പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാദ നാലും ലുംഗി എന്‍ഗിഡി മൂന്ന് വിക്കറ്റും വീഴ്ത്തി. നേരത്തെ, ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 212 റണ്‍സിനെതിരെ ദക്ഷിണാഫ്രിക്ക 138ന് പുറത്തായിരുന്നു. ആറ് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.

മൂന്നാം ദിനം എട്ടിന് 144 എന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന ഓസീസിന് ഇന്ന് നതാന്‍ ലിയോണിന്റെ (2) വിക്കറ്റാണ് ആദ്യം നഷ്ടമായത്. കഗിസോ റബാദയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ഇന്ന് ഒരു റണ്‍ മാത്രമാണ് ലിയോണിന് ഇന്ന് കൂട്ടിചേര്‍ക്കാനായാത്. പിന്നാലെ ക്രീസിലെത്തിയ ഹേസല്‍വുഡ്, സ്റ്റാര്‍ക്കിന് പിന്തുണ നല്‍കി. ഇരുവരും 59 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എയ്ഡന്‍ മാര്‍ക്രമിനെതിരെ അനാവാശ്യ ഷോട്ടിന് മുതിര്‍ന്നാണ് 17 റണ്‍സെടുത്ത ഹേസല്‍വുഡ് പുറത്താവുന്നത്. സ്റ്റാര്‍ക്ക് തന്റെ ഇന്നിംഗ്സില്‍ അഞ്ച് ബൗണ്ടറികള്‍ കണ്ടെത്തി.

സ്റ്റാര്‍ക്കിന് പുറമെ ക്യാരി മാത്രമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. മര്‍നസ് ലബുഷെയ്ന്‍ (22), സ്റ്റീവന്‍ സ്മിത്ത് (13), എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഉസ്മാന്‍ ഖവാജ (6), കാമറൂണ്‍ ഗ്രീന്‍ (0), ട്രാവിസ് ഹെഡ് (9), ബ്യൂ വെബ്സ്റ്റര്‍ (9), പാറ്റ് കമ്മിന്‍സ് (6) എന്നിവര്‍ വന്നത് പോലെ മടങ്ങി. നേരത്തെ, നായകന്‍ പാറ്റ് കമ്മിന്‍സാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. കമ്മിന്‍സ് ആറ് വിക്കറ്റുകളാണ് പോക്കറ്റിലാക്കിയത്. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റ് നേടി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ 45 റണ്‍സ് നേടിയ ഡേവിഡ് ബെഡിങ്ഹാമും 36 റണ്‍സ് നേടിയ നായകന്‍ തെംബ ബാവുമയും മാത്രമാണ് പിടിച്ചുനിന്നത്.

ബാവുമയുടെ വിക്കറ്റാണ് രണ്ടാം ദിനം ആദ്യ സെഷനില്‍ ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. 43-4 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലെത്തിയ ദക്ഷിണാഫ്രിക്ക കരുതലോടെയാണ് തുടങ്ങിയത്. ആദ്യ മണിക്കൂറില്‍ ഓസീസ് പേസാക്രമണത്തെ അതിജീവിച്ച ബാവുമയും ബെഡിങ്ഹാമും ചേര്‍ന്ന് ദക്ഷിണാഫ്രിക്കക്ക് പ്രതീക്ഷ നല്‍കി. അഞ്ചാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇരുവരും ഓസീസിന് ഭീഷണിയാവുമ്പോഴാണ് ബാവുമയെ കമിന്‍സ് വീഴ്ത്തിയത്. കമിന്‍സിന്റെ പന്തില്‍ കവര്‍ ഡ്രൈവിന് ശ്രമിച്ച ബാവുമയെ മാര്‍നസ് ലാബുഷെയ്ന്‍ ഷോര്‍ട്ട് കവറില്‍ പറന്നു പിടിക്കുകയായിരുന്നു. 94 റണ്‍സായിരുന്നു അപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍. ഓസീസ് നായകന്‍ പാറ്റ് കമിന്‍സാണ് ബാവുമയെ മടക്കിയത്.

പിന്നാലെ ഓരോരുത്തരായി കൂടാരം കയറി. ലോര്‍ഡ്സില്‍ ടോസ് നഷ്ടമായി ആദ്യ ഇന്നിംഗിസിനിറങ്ങിയ ഓസ്ട്രേലിയ 212 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. അഞ്ച് വിക്കറ്റെടുത്ത കാഗിസോ റബാഡയാണ് ഓസീസിനെ ആദ്യ ഇന്നിംഗ്സില്‍ എറിഞ്ഞിട്ടത്. ബ്യൂ വെബ്സ്റ്റര്‍ (72), സ്റ്റീവന്‍ സ്മിത്ത് (66) എന്നിവരാണ് ഓസീസ് നിരയില്‍ തിളങ്ങിയത്.

YouTube video player