ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടില്‍ പരിശീലനം ആരംഭിച്ചു. 

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് പരിശീലനം സജീവമാക്കി ടീം ഇന്ത്യ. ബെക്കിംഗ്ഹാമില്‍ നടന്ന പരിശീലനത്തില്‍ ടീമിലെ മുഴുവന്‍ താരങ്ങളും പങ്കെടുത്തു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍, റിഷഭ് പന്ത് എന്നിവര്‍ നെറ്റ്‌സില്‍ ഏറെ നേരം ബാറ്റ് ചെയ്തു. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ബൗളിംഗ് കോച്ച് മോര്‍ണേ മോര്‍കലിന്റെ മേല്‍നോട്ടത്തിലാണ് പരിശീലനം നടത്തിയത്. ജൂണ്‍ ഇരുപതിനാണ് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് തുടക്കമാവുക.

ഇതിന് മുന്‍പ് ഇംഗ്ലണ്ടിലുള്ള ഇന്ത്യ എ താരങ്ങള്‍ക്കൊപ്പം ഗില്ലും സംഘവും ചതുര്‍ദിന സന്നാഹ മത്സരം കളിക്കും. ഒന്നാം ടെസ്റ്റിന് മുന്‍പ് ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് ടീം സന്നാഹ മത്സരം കളിക്കുന്നത്. ഞായറാഴ്ചയാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലെത്തിയത്. രോഹിത് ശര്‍മയും വിരാട് കോലിയും വിരമിച്ചതിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ പരമ്പരയാണിത്. രോഹിത്തിന്റെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്ലാണ് ടീമിനെ നയിക്കുന്നത്.തലമുറ മാറ്റത്തിലൂടെ കടന്നുപോകുന്ന ടീമിന് ഇംഗ്ലണ്ടില്‍ മികവ് പുലര്‍ത്താന്‍ സാധിക്കുമോ എന്ന് കണ്ടറിയണം.

ഇതിനിടെ, ഇംഗ്ലണ്ടിലേക്കുള്ള ടീമില്‍ ശ്രേയസ് അയ്യരെ ഒഴിവാക്കിയത് ചര്‍ച്ചയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച ഫോം പുറത്തെടുത്ത ശ്രേയസ് ടീമിലെത്തുമെന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. ശ്രേയസിനെ എന്തുകൊണ്ട് ടീമിലെടുത്തില്ലെന്നതിനെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ പരിശീകന്‍ ഗൗതം ഗംഭീര്‍. എല്ലാവരെയും ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നുമാണ് ഗംഭീര്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''മികച്ച പ്രകടനം പുറത്തെടുക്കുയാണെങ്കില്‍ ടീമില്‍ ആരേയും ഉള്‍പ്പെടുത്താം. നമുക്ക് 18 പേരെ മാത്രമേ തിരഞ്ഞെടുക്കാന്‍ കഴിയൂ. മികച്ച ഫോമിലുള്ളവര്‍ക്കും നന്നായി കളിക്കാന്‍ കഴിവുള്ളവരുമായ താരങ്ങള്‍ക്ക് അവസരം നല്‍കനാണ് ശ്രമിച്ചത്. അതുതന്നെയാണ് സംഭവിച്ചതും.'' ഗംഭീര്‍ മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശ്രേയസിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 'ഞാന്‍ സെലക്ടര്‍ അല്ല' എന്ന് ഗംഭീര്‍ മുന്‍പ് മറുപടി നല്‍കിയിരുന്നു.

കരുണ്‍ നായര്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും ഗംഭീര്‍ പറഞ്ഞു. ''ഒന്നോ രണ്ടോ ടെസ്റ്റുകള്‍ നോക്കി ഞങ്ങള്‍ ഒരാളെ വിലയിരുത്തില്ല. ധാരാളം റണ്‍സ് നേടിയ താരമാണ് കരുണ്‍. കൂടുതല്‍ അവസരങ്ങള്‍ അദ്ദേഹം അര്‍ഹിക്കുന്നുണ്ട്. അങ്ങനെ അദ്ദേഹത്തിന് ഇവിടെ തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ കഴിയും.'' ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

YouTube video player