ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യ ദിനം കേരളം ആറ് വിക്കറ്റിന് 245 റണ്‍സെടുത്തു. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം സച്ചിന്‍ ബേബിയുടെ സെഞ്ച്വറിയും മുഹമ്മദ് അസറുദ്ദീന്റെ അർദ്ധസെഞ്ച്വറിയുമാണ് കേരളത്തെ രക്ഷിച്ചത്. ഇരുവരും ചേർന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ട് 141 റൺസ് നേടി.

തിരുവനന്തപുരം: ഒഡീഷയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ കേരളം ആറ് വിക്കറ്റിന് 245 റണ്‍സെന്ന നിലയില്‍. സച്ചിന്‍ ബേബിയുടെയും മുഹമ്മദ് അസറുദ്ദീന്റെയും മികവിലാണ് കേരളം തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും ശക്തമായി തിരിച്ചുവന്നത്. സച്ചിന്‍ സെഞ്ച്വറി നേടി മടങ്ങിയപ്പോള്‍ അസറുദ്ദീന്‍ 72 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 18 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. അക്കൗണ്ട് തുറക്കാതെ മടങ്ങിയ അഭിഷേക് പി. നായരാണ് ആദ്യം പുറത്തായത്. തുടര്‍ന്നെത്തിയ ജലജ് സക്‌സേനയും പൂജ്യത്തിന് മടങ്ങി. 11 റണ്‍സെടുത്ത അഭിഷേക് ജെ. നായരുടെ വിക്കറ്റ് കൂടി നഷ്ടമായി തകര്‍ച്ചയെ അഭിമുഖീകരിച്ച കേരളത്തെ സച്ചിന്‍ ബേബിയും ക്യാപ്റ്റന്‍ വിഷ്ണു വിനോദും ചേര്‍ന്നാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 21 റണ്‍സെടുത്ത വിഷ്ണു വിനോദ് സൗമ്യ രഞ്ജന്റെ പന്തില്‍ പുറത്തായി.

തുടര്‍ന്നെത്തിയ സല്‍മാന്‍ നിസാര്‍ (21) ബാദല്‍ ബിസ്വാളിന് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ അഞ്ച് വിക്കറ്റിന് 101 റണ്‍സെന്ന നിലയിലായിരുന്നു കേരളം. തുടര്‍ന്ന് സച്ചിന്‍ ബേബിയും മുഹമ്മദ് അസറുദ്ദീനും ചേര്‍ന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തിന്റെ ഇന്നിങ്‌സിന് കരുത്ത് പകര്‍ന്നത്. കരുതലോടെ ബാറ്റ് ചെയ്ത ഇരുവരും ചേര്‍ന്ന് 141 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ചായയ്ക്ക് ശേഷം കളി പുനരാരംഭിച്ച് വൈകാതെ തന്നെ സച്ചിന്‍ ബേബി തന്റെ സെഞ്ച്വറി തികച്ചു. ലളിത് യാദവിന്റെ പന്തില്‍ സിംഗിളെടുത്താണ് സച്ചിന്‍ തന്റെ 16-ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

തൊട്ടടുത്ത ഓവറില്‍ മുഹമ്മദ് അസറുദ്ദീന്‍ അമ്പതും തികച്ചു. ഒടുവില്‍ ആദ്യ ദിവസത്തെ കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍ത്തെ ഓവറിലാണ് സച്ചിന്‍ ബേബിയുടെ വിക്കറ്റ് നഷ്ടമായത്. 11 ബൗണ്ടറികളും ഒരു സിക്‌സുമടക്കം 112 റണ്‍സെടുത്താണ് സച്ചിന്‍ മടങ്ങിയത്. കളി നിര്‍ത്തുമ്പോള്‍ മുഹമ്മദ് അസറുദ്ദീന്‍ 72-ഉം ആദിത്യ സര്‍വാടെ മൂന്നും റണ്‍സുമായി ക്രീസിലുണ്ട്.

YouTube video player