മുംബൈ: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ ഒന്നാം നമ്പർ സ്പിന്നർ യുസ്‍വേന്ദ്ര ചാഹൽ ആയിരിക്കണമെന്ന് മുൻതാരം ഹർഭജൻ സിംഗ്. കുൽദീപ് യാദവ്, യുവതാരം രവി ബിഷ്ണോയ് എന്നിവരുംലോകകപ്പ്  ടീമിലെത്താൻ സാധ്യതയുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തില്‍ ഹര്‍ഭജന്‍ പറഞ്ഞു.

എത് സാഹചര്യത്തിലും സമചിത്തതയോടെ പന്തെറിയാൻ കഴിയുമെന്ന് തെളിയിച്ച താരമാണ് ചാഹൽ. ഐപിഎല്ലിലെ പ്രകടനമായിരിക്കും ലോകകപ്പ് ടീമിലെത്തുന്നതിൽ ഓരോ താരത്തിനും നിർണായകമാവുക. അണ്ടർ 19 ലോകകപ്പിലെ പ്രകടനം രഞ്ജി ട്രോഫിയിലും ആവർ‍ത്തിക്കുക എന്നതാണ് ബിഷ്ണോയിയുടെ വെല്ലുവിളിയെന്നും ഹ‍ർഭജൻ സിംഗ് പറഞ്ഞു.

ബിഷ്ണോയിയെയും അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനെയും തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. രവി ബിഷ്ണോയ് ഐപിഎല്ലിലും രഞ്ജി ട്രോഫിയിലും എങ്ങനെ കളിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് താരത്തിന്റെ ഭാവി. ബിഷ്ണോയ് ഗൂഗ്ലികള്‍ എറിയുന്നത് കാണുന്നതിനെക്കാള്‍ ലെഗ്സ് സ്പിന്നറുകള്‍ എറിയുന്നത് കാണാനാണ് എനിക്കിഷ്ടം.

ഐപിഎല്ലില്‍ കുല്‍ദീപ്, ചാഹല്‍, രാഹുല്‍ ചാഹര്‍, ബിഷ്ണോയ് എന്നിവരുടെ പ്രകടനം ലോകകപ്പിനുള്ള ടീം തെര‍ഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. എങ്കിലും ടി20 ലോകകപ്പ് ടീമിലെ ഒന്നാം നമ്പര്‍ സ്പിന്നര്‍ ചാഹല്‍ തന്നെയായിരിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. മറ്റുള്ളവര്‍ ടീമിലെ സ്ഥാനത്തിനായി കടുത്ത മത്സരം തന്നെ നടത്തേണ്ടിവരുമെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.