സ്പിന്നര്‍മാരെ സഹായിക്കുന്ന ദുബായിലെ സ്ലോ പിച്ചില്‍ ഓസീസിനെതിരെയും നാല് സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനാണ് സാധ്യത.

ദുബായ്: ചാമ്പ്യൻസ് ട്രോഫി സെമിയില്‍ നാളെ ഓസ്ട്രേലിയയെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റങ്ങളാകും ഉണ്ടാകുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ന്യൂസിലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരം കളിച്ച ടീമിനെ ഇന്ത്യ നിലനിര്‍ത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഹര്‍ഷിത് റാണക്ക് പകരം ന്യൂസിലന്‍ഡിനെതിരെ കളിച്ച വരുണ്‍ ചക്രവര്‍ത്തി അഞ്ച് വിക്കറ്റുമായി തിളങ്ങിയതിനാല്‍ ഓസ്ട്രേലിയക്കെതിരെയും വരുണ്‍ പ്ലേയിംഗ് ഇലവനില്‍ തുടരാനാണ് സാധ്യത.

സ്പിന്നര്‍മാരെ സഹായിക്കുന്ന ദുബായിലെ സ്ലോ പിച്ചില്‍ ഓസീസിനെതിരെയും നാല് സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ ന്യൂസിലന്‍ഡിനെതിരെ കളിച്ച അക്സര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും പ്ലേയിംഗ് ഇലവനില്‍ തുടരും. ഒരു പേസറെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ മാത്രം രവീന്ദ്ര ജഡേജക്ക് ഹര്‍ഷിത് റാണ പ്ലേയിംഗ് ഇലവനിലെത്തും. അതിനുള്ള സാധ്യത വിരളമാണ്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് ഷമിക്ക് കഴിഞ്ഞ രണ്ട് കളികളിലും വിക്കറ്റെടുക്കാനാവാഞ്ഞത് ഇന്ത്യക്ക് ആശങ്കയാണ്. അതുകൊണ്ട് തന്നെ ജഡേജക്ക് പകരം ഹര്‍ഷിത് റാണയെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

'രോഹിത് സ്വാർത്ഥൻ, ശരാശരി കളിക്കാരൻ'; വിവാദ പോസ്റ്റ് പിൻവലിച്ചതിന് പിന്നാലെ വീണ്ടും തുറന്നടിച്ച് ഷമ മൊഹമ്മദ്

മഹമ്മദ് ഷമിക്കൊപ്പം ഹാര്‍ദ്ദിക് പാണ്ഡ്യയാകും ന്യൂബോള്‍ എറിയാനെത്തുക. ബാറ്റിംഗ് നിരയിലും കാര്യമായ അഴിച്ചുപണിക്ക് സാധ്യതകളില്ല. ന്യൂസിലന്‍ഡിനെതിരെ വിക്കറ്റിന് പിന്നിലും മുന്നിലും നിറം മങ്ങിയെങ്കിലും വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍ തന്നെ തുടരുമെന്നാണ് കരുതുന്നത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, അക്‌സർ പട്ടേൽ, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ/ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, വരുൺ ചക്രവര്‍ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക