വിജയറണ്ണും സെഞ്ചുറിയും പൂര്‍ത്തിയാക്കിയശേഷം കോലി ഗ്യാലറിയിലേക്ക് നോക്കി ബാറ്റുയര്‍ത്തി ഞാൻ പറഞ്ഞില്ലെ എന്ന് ചിരിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു.
ദുബായ്: ചാമ്പ്യൻസ് ട്രോഫിയില്‍ പാകിസ്ഥാനെതിരെ സെഞ്ചുറിയുമായി ഇന്ത്യയുടെ വിജയത്തില്‍ ചുക്കാന്‍ പിടിച്ചത് വിരാട് കോലിയായിരുന്നു. ഇന്ത്യ വിജയത്തോട് അടുത്തപ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ രണ്ട് റണ്‍സും കോലിക്ക് സെഞ്ചുറി തികയ്ക്കാന്‍ നാലു റണ്‍സുമായിരുന്നു വേണ്ടിയിരുന്നു. അര്‍ഹിച്ച സെഞ്ചുറി കോലി നേടുമോ എന്നത് മാത്രമായിരുന്നു ആരാധകരുടെ അപ്പോഴത്തെ ആശങ്ക.
42-ാം ഓവര്‍ എറിഞ്ഞ ഷഹീന്‍ ഷാ അഫ്രീദി മൂന്ന് വൈഡുകളെറിഞ്ഞതോടെ കോലിക്ക് സെഞ്ചുറി പൂര്‍ത്തിയാക്കാനാവുമോ എന്ന ആശങ്ക ആരാധകരില്‍ ഉയരുകയും ചെയ്തു. എന്നാല്‍ കുഷ്ദില്‍ ഷാ 43-ാം ഓവര്‍ എറിയാനെത്തുമ്പോള്‍ 4 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ കോലി സിംഗിളെടുത്ത് അക്സര്‍ പട്ടേലിന് സ്ട്രൈകക് കൈമാറി അടുത്ത പന്തില്‍ അക്സറും സിംഗിളെടുത്തു. ഇതോടെ ജയത്തിലേക്ക് രണ്ട് റണ്‍സും കോലിയ്ക്ക് സെഞ്ചുറി തികയ്ക്കാന്‍ നാലു റണ്‍സുമെന്നതായി.
എന്നാല്‍ മൂന്നാം പന്ത് ഫ്രണ്ട് ഫൂട്ടില്‍ ഇറങ്ങി കവറിലൂടെ ബൗണ്ടറി കടത്തിയ കോലി സെഞ്ചുറിയും ഇന്ത്യയുടെ വിജയവും പൂര്‍ത്തിയാക്കി. വിജയറണ്ണും സെഞ്ചുറിയും പൂര്‍ത്തിയാക്കിയശേഷം കോലി ഗ്യാലറിയിലേക്ക് നോക്കി ബാറ്റുയര്‍ത്തി ഞാൻ പറഞ്ഞില്ലെ എന്ന് ചിരിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു. ഡ്രസ്സിംഗ് റൂമില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കു നേരെ ബാറ്റുയര്‍ത്തിയാണ് കോലി ഇത് പറഞ്ഞതെന്നായിരുന്നു ആരാധകര്‍ ആദ്യം കരുതിയത്. പിന്നീട് ഗ്യാലറിയില്‍ ഇരുന്ന് കളി കണ്ട ഇന്ത്യൻ താരം സൂര്യകുമാര്‍ യാദവിനോടാണ് കോലി അത് പറഞ്ഞതെന്നും വ്യാഖ്യാനമുണ്ടായി
എന്നാല്‍ ഇവരോട് ആരുമല്ല, ഗ്യാലറിയില്‍ ഇരുന്ന് മത്സരം കണ്ട തന്‍റെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മയെ നോക്കിയാണ് കോലി ബാറ്റുയര്‍ത്തി ഞാൻ പറഞ്ഞില്ലേ എന്ന് ആംഗ്യം കാണിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കോലി ബാറ്റ് ഉയര്‍ത്തി കാട്ടിയതിന്‍റെ നേരെ എതിര്‍വശത്തായിരുന്നു സൂര്യകുമാര്‍ യാദവ് ഇരുന്നതെന്ന് സൂര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ നിന്നും വ്യക്തമായിരുന്നു. ഇന്ത്യ-പാകിസ്ഥാന്‍ മത്സരം കാണാന്‍ കോലിയുടെ ബാല്യകാല പരിശീലകനായ രാജ്കുമാര്‍ ശര്‍മ കഴിഞ്ഞ ദിവസം സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ 42.3 ഓവറില്‍ ലക്ഷ്യം കണ്ടു. കോലി 100 റണ്‍സുമായും അക്സര്‍ പട്ടേല്‍ മൂന്ന് റണ്‍സുമായും പുറത്താകാതെ നിന്നപ്പോള്‍ 56 റണ്‍സടിച്ച ശ്രേയസ് അയ്യരും 46 റണ്‍സടിച്ച ശുഭ്മാന്‍ ഗില്ലും ഇന്ത്യക്കായി തിളങ്ങി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 20 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എട്ട് റണ്‍സെടുത്ത് മടങ്ങി.
