ടി20 ലോകകപ്പില്‍ കിരീടം നേടി വിരമിച്ച പോലെ ചാമ്പ്യൻസ് ആയി രോഹിത്തും കോലിയും എകദിനങ്ങളോട് ബൈ പറയുമോ എന്നാണ് ആരാധക‍ർ ഉറ്റുനോക്കുന്നത്.

ദുബായ്: രോഹിത് ശർമ്മ, വിരാട് കോലി. ആരാധകരുടെ പ്രിയപ്പെട്ട ഹിറ്റ്മാനും കിംഗും. ഒന്നിച്ചൊരു കപ്പെന്ന സ്വപ്നം കഴിഞ്ഞ വര്‍ഷം കുട്ടി ക്രിക്കറ്റ് കിരീടം നേടി സഫലീകരിച്ചവര്‍ ഇന്ന് വീണ്ടുമിറങ്ങും. ചാമ്പ്യന്‍സ് ട്രോഫി കൂടി നാട്ടിലേക്കെത്തിക്കാൻ. ഐസിസി ഏകദിന ടൂര്‍ണമെന്‍റുകളില്‍ വിരാട് കോലിയേയും രോഹിത് ശര്‍മയെയും ഒരുമിച്ച് കാണാനുള്ള അവസാന അവസരമാകുമോ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ എന്നാണ് ആരാധകരുടെ ആകാംക്ഷയും ആശങ്കയും.

ടി20 ലോകകപ്പില്‍ കിരീടം നേടി വിരമിച്ച പോലെ ചാമ്പ്യൻസ് ആയി രോഹിത്തും കോലിയും എകദിനങ്ങളോട് ബൈ പറയുമോ എന്നാണ് ആരാധക‍ർ ഉറ്റുനോക്കുന്നത്. ഐസിസി ഫൈനലുകളിൽ ഇരുവരും ഒരുമിച്ചിറങ്ങുന്നത് എട്ടാം തവണയാണ്. കലാശപ്പോരുകളിലെ പ്രകടനത്തില്‍ കോലി, രോഹിതിനേക്കാള്‍ ബഹുദൂരം മൂന്നിൽ. 2024 ടി20 ലോകകപ്പ് ഫൈനലിലെ 76 അടക്കം മൂന്ന് അര്‍ധസെഞ്ചുറികളുണ്ട് കോലിക്ക്.

ഒന്നാമൻ കോലിയോ സച്ചിനോ അല്ല, രോഹിത് പട്ടികയിൽ പോലുമില്ല; ടോപ് 5 ഏകദിന ബാറ്റേഴ്സിന്‍റെ പേരുമായി ഡിവില്ലിയേഴ്സ്

രോഹിതിനാകട്ടെ ഐസിസി ഫൈനലുകളില്‍ ഒറ്റ അര്‍ധസെഞ്ചുറി പോലുമില്ല. 2007 ടി20 ലോകകപ്പ് ഫൈനലിലെ 16 പന്തിലെ മുപ്പതും 2023 ഏകദിന ലോകകപ്പിലെ 31 പന്തിലെ നാല്‍പത്തിയേഴുമാണ് ഫൈനലുകളിലെ രോഹിറ്റ്സ്. രണ്ട് വര്‍ഷം അകലെയുള്ള ഏകദിന ലോകകപ്പിനൊരുങ്ങാന്‍ ടീം ഇന്ത്യക്കും പുതിയ നായകനും സമയം വേണമന്ന വാദമുയര്‍ത്തിയാണ് രോഹിത് പടിയിറങ്ങിയേക്കുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നത്. ചാമ്പ്യൻസ് ട്രോഫിയില്‍ ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും നേടി കോലി മിന്നും ഫോമിലാണെങ്കില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് ഇതുവരെ ഒരു അർധസെഞ്ചുറി പോലും നേടാനായിട്ടില്ല.

ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയതോടെ ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവി വ്യക്തം. നായക പദവിയൊഴിഞ്ഞ് രോഹിത് ടീമിൽ തുടരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഏകദിനത്തില്‍ കോലിക്കൊരു പകരക്കാരന്‍ അത്ര വേഗം സാധ്യമല്ലാത്തതിനാല്‍ മറ്റ് ചര്‍ച്ചകള്‍ക്കില്ലെന്നാണ് ബിസിസിഐ നിലപാട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക