ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായുള്ള ഉദ്ഘാടനച്ചടങ്ങും ക്യാപ്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ടും വാര്‍ത്താസമ്മേളനവും ഒഴിവാക്കാന്‍ ഐസിസിയും പാക് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ ധാരണയിലെത്തി. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് തീരുമാനം.
ദുബായ്: ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായുള്ള ഉദ്ഘാടനച്ചടങ്ങും ക്യാപ്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ടും വാര്‍ത്താസമ്മേളനവും ഒഴിവാക്കാന്‍ ഐസിസിയും പാക് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ ധാരണയിലെത്തി. ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഉദ്ഘാടനച്ചടങ്ങുണ്ടാകുമെന്ന് ഐസിസിയോ പാക് ക്രിക്കറ്റ് ബോര്‍ഡോ ഔദ്യോഗികമായി പറഞ്ഞിട്ടില്ലാത്തതിനാല്‍ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയെന്ന് പറയുന്നത് ശരിയല്ലെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് പ്രതികരിച്ചത്.
ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി സാധാരണ ഐസിസി ടൂര്‍ണമെന്‍റുകള്‍ക്ക് മുമ്പ് നടക്കാറുള്ള ക്യാപ്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ടും വാര്‍ത്താസമ്മേളനവും ഇത്തവണ ഉണ്ടാകില്ല. ചാമ്പ്യൻസ് ട്രോഫിയില്‍ കളിക്കാനായി പാകിസ്ഥാനിലേക്കില്ലെന്ന ഇന്ത്യൻ ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലപാടിനെതുടര്‍ന്ന് ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് വേദിയാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ക്യാപ്റ്റൻമാരുടെ ഫോട്ടോ ഷൂട്ടിനായി ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പാകിസ്ഥാനിലേക്ക് പോകാന്‍ തയാറാകുമോ എന്ന ചോദ്യത്തിനും ഇതോടെ ഉത്തരമായി.
ആകാശ്ദീപിന് ഇനിയൊരു ടെസ്റ്റില്‍ അവസരം കിട്ടുമോയെന്ന് സംശയമാണ്, തുറന്നു പറഞ്ഞ് അശ്വിന്‍
രണ്ട് ചടങ്ങുകളും ഉണ്ടാകില്ലെന്ന് ഐസിസിയും പാക് ക്രിക്കറ്റ് ബോര്‍ഡും വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടീമിനൊപ്പം നേരെ ദുബായിലേക്ക് പോകും. 2011ല്‍ ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന ചാമ്പ്യൻസ് ട്രോഫിയിലാണ് അവസാനമായി ഉദ്ഘാടനച്ചടങ്ങ് നടന്നതെന്നും അതുകൊണ്ട് തന്നെ ഇത്തവണ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയെന്ന് പറയുന്നത് ശരിയല്ലെന്നും ഐസിസി വൃത്തങ്ങളും വ്യക്തമാക്കി.
ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി കറാച്ചിയില്‍ ഉദ്ഘാടനച്ചടങ്ങുണ്ടാകുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടന്ന ടി20 ലോകകപ്പിന് മുമ്പും ക്യാപ്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ടും വാര്‍ത്താസമ്മേളനവും നടത്തിയിരുന്നില്ലെന്നും അതുതന്നെയാണ് ചാമ്പ്യൻസ് ട്രോഫിയിലും തുടരുന്നതെന്നുമാണ് ഐസിസിയുടെ നിലപാട്. ചാമ്പ്യൻസ് ട്രോഫിക്കായി ടീമുകള്‍ വ്യത്യസ്ത തീയതികളിലാണ് പാകിസ്ഥാനിലെത്തുന്നത് എന്നതിനാല്‍ ഉദ്ഘാടനച്ചടങ്ങ് നടത്തുക പ്രായോഗികമല്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡും വ്യക്തമാക്കി.
ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുശേഷം ഇംഗ്ലണ്ട് ടീം ഫെബ്രുവരി 18ന് മാത്രമെ ലാഹോറിലെത്തു. ഓസ്ട്രേലിയ ഫെബ്രുവരി 19നാണ് എത്തുന്നത്. ഇത്തരത്തില്‍ വിവിധ ടീമുകള്‍ വിവിധ തീയതികളില്‍ എത്തുന്നതിനാല്‍ ഉദ്ഘാടനച്ചടങ്ങോ ഫോട്ടോഷൂട്ടോ ടൂര്‍ണമെന്‍റിന് മുമ്പ് സാധ്യമല്ലെന്നാണ് ഐസിസിയും പാക് ബോര്‍ഡും ധാരണയിലെത്തിയത്. അതേസമയം, ചാമ്പ്യൻസ് ട്രോഫിക്കായി നവീകരിച്ച പാകിസ്ഥാനിലെ ഗദ്ദാഫി സ്റ്റേഡിയം അടുത്തമാസം ഏഴിന് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയം പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി ഫെബ്രുവരി 11നും ഉദ്ഘാടനം ചെയ്യും.
