അനായാസ ക്യാച്ചായിട്ടും രോഹിത് അത് നിലത്തിട്ടു. ക്യാച്ച് കൈവിട്ടതിന് പിന്നാലെ അരിശത്തോടെ ഗ്രൗണ്ടില്‍ ആഞ്ഞടിച്ച രോഹിത് അക്സറിനെ നോക്കി കൈ കൂപ്പി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു
ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ അക്സര്‍ പട്ടേലിന് ഹാട്രിക്ക് നിഷേധിച്ചതിന് ക്യാപ്റ്റൻ രോഹിത് ശര്‍മയുടെ പ്രായശ്ചിത്തം. അക്സറിന്‍റെ ഹാട്രിക്ക് ബോളില്‍ ബംഗ്ലാദേശ് താരം ജേക്കര്‍ അലി നല്‍കിയ അനായാസ ക്യാച്ച് രോഹിത് ശര്‍മ സ്ലിപ്പില്‍ കൈവിട്ടിരുന്നു. ബംഗ്ലാദേശ് ഇന്നിംഗ്സിലെ ഒമ്പതാം ഓവറിലായിരുന്നു തുടര്‍ച്ചയായ പന്തുകളില്‍ തന്‍സിദ് ഹസനെയും മുഷ്ഫീഖുര്‍ റഹീമിനെയും പുറത്താക്കിയ അക്സര്‍ മൂന്നാം പന്തില്‍ ജേക്കര്‍ അലിയെ സ്ലിപ്പില്‍ രോഹിത്തിന്‍റെ കൈകളിലെത്തിച്ചത്.
എന്നാല്‍ അനായാസ ക്യാച്ചായിട്ടും രോഹിത് അത് നിലത്തിട്ടു. ക്യാച്ച് കൈവിട്ടതിന് പിന്നാലെ അരിശത്തോടെ ഗ്രൗണ്ടില്‍ ആഞ്ഞടിച്ച രോഹിത് അക്സറിനെ നോക്കി കൈ കൂപ്പി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ മത്സരശേഷം ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അക്സറിനെക്കൂട്ടി നാളെ ഡിന്നറിന് പോകുമെന്നായിരുന്നു രോഹിത്തിന്‍റെ മറുപടി. അത് അനായസ ക്യാച്ചായിരുന്നു. എന്‍റെ നിലവാരം വെച്ചുനോക്കുമ്പോള്‍ അത് ഞാനെടുക്കേണ്ടതുമായിരുന്നു. പക്ഷെ ഇത്തരം കാര്യങ്ങളൊക്കെ ഗ്രൗണ്ടില്‍ സംഭവിക്കുമെന്ന് എനിക്കറിയാം. മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഹൃദോയിക്കും ജേക്കറിനും അഭിനന്ദനങ്ങള്‍ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള രോഹിത്തിന്‍റെ മറുപടി.
ക്യാച്ച് രോഹിത് കൈയിലൊതുക്കിയെന്ന് വിചാരിച്ച് ആഘോഷിക്കാന്‍ തുടങ്ങിയെങ്കിലും അത് കൈവിട്ടതോടെ താന്‍ പിന്നീട് അങ്ങോട്ട് നോക്കിയില്ലെന്ന് അക്സറും പറഞ്ഞിരുന്നു. ഇന്ത്യൻ ബാറ്റിംഗിനിടെ കെ എല്‍ രാഹുലിന്‍റെ അനായാസ ക്യാച്ച് ബൗണ്ടറിയില്‍ ജേക്കര്‍ അലി കൈവിട്ടപ്പോള്‍ ഞാന്‍ നിന്നെ വിട്ടു, നീ ഇപ്പോള്‍ രാഹുലിനെ വിട്ടു എന്ന് രോഹിത് പറയുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ചാമ്പ്യൻസ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരെ ആറ് വിക്കറ്റ് വിജയവുമായി ഇന്ത്യ ജയത്തുടക്കമിട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 49.4 ഓവറില്‍ 228 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ 46.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
