ചണ്ഡീഗഡ്: ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി ചന്ദ്രയാന്‍-2 ഭൂമിയുടെ ആദ്യ ഭ്രമണപഥത്തില്‍ എത്തിയതിന് പിന്നാലെ ഐഎസ് ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടി ക്രിക്കറ്റ് ലോകവും. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, ഇന്ത്യന്‍ നായകന്‍ വിരാട് കോലി, ചേതേശ്വര്‍ പൂജാര, ഹര്‍ഭജന്‍ സിംഗ് എന്നിവരെല്ലാം ചന്ദ്രയാന്‍ ദൗത്യത്തെയും ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെയും അഭിനന്ദിച്ച് രംഗത്തെത്തി.

എന്നാല്‍ ഈ കൂട്ടത്തില്‍ ഏറ്റവും വ്യത്യസ്തമായ അഭിനന്ദന സന്ദേശം ഹര്‍ഭജന്‍ സിംഗിന്റേതായിരുന്നു. ദേശീയ പതാകയില്‍ ചന്ദ്രന്റെ ചിത്രമുള്ള പാക്കിസ്ഥാന്‍, ടര്‍ക്കി, ടുണീഷ്യ, ലിബിയ, അസര്‍ബെജാന്‍, അല്‍ജീരിയ, മലേഷ്യ, മാലദ്വീപ്, മൗറിറ്റാനിയ തുടങ്ങിയ രാജ്യങ്ങളുടെ പതാക നിരത്തിവെച്ച് ഹര്‍ഭജന്‍ ഇങ്ങനെ കുറിച്ചു.

ചിലരാജ്യങ്ങളുടെ ദേശീയ പതാകയില്‍ ചന്ദ്രനുണ്ട്. എന്നാല്‍ ചിലരാജ്യങ്ങളുടെ ദേശീയ പതാക ചന്ദ്രനിലുണ്ട്. ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ  അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ എന്നിവരുടെ ദേശീയ പതാകകള്‍ നിരത്തിവെച്ചായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്.