ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ ചെല്‍സിക്ക് ജയം. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ചെല്‍സിയുടെ ജയം. ടാമി എബ്രഹാം, തിയാഗോ സില്‍വ എന്നിവരാണ് ചെല്‍സിയുടെ ഗോളുകള്‍ നേടിയത്. ബേണ്‍ലി ഒന്നിനെതിരെ രണ്ട് ഗോളിന് വോള്‍വ്‌സിനെ തോല്‍പ്പിച്ചു. ആഷ്‌ലി ബാര്‍നസ്, ക്രിസ് വുഡ് എന്നിവരാണ് ബേണ്‍ലിയുടെ ഗോളുകള്‍ നേടിയത്. ഫാബിയോ സില്‍വയുടെ വകയായിരുന്നു വോള്‍വ്‌സിന്റെ ഏക ഗോള്‍.

10ാം മിനുറ്റില്‍ തിയാഗോ സില്‍വയാണ് ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയിലാണ് ശേഷിക്കുന്ന രണ്ട് ഗോളുകളും പിറന്നത്. 78, 80 മിനിറ്റുകളിലായിരുന്നു ടാമി എബ്രഹിമിന്റെ ഗോള്‍. ഇതോടെ ചെല്‍സി അഞ്ചാം സ്ഥാനത്തേക്ക് കയറി. 14 മത്സരങ്ങളില്‍ നിന്ന് 25 പോയിന്റാണ് അവര്‍ക്കുള്ളത്. ഇത്രയും മത്സരങ്ങളില്‍ 31 പോയിന്റുള്ള ലിവര്‍പൂളാണ് ഒന്നാം സ്ഥാനത്ത്. 27 പോയിന്റുള്ള ലെസ്റ്റര്‍ രണ്ടാമതും 26 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മൂന്നാം സ്ഥാനത്തുമാണ്. ഇത്രയും പോയിന്റുള്ള എവര്‍ട്ടണാണ് നാലാം സ്ഥാനത്ത്. 


ലാ ലിഗിയയില്‍ ബാഴ്‌സ ഇന്നിറങ്ങും

ബാഴ്‌സലോണ: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ പ്രമുഖ ടീമുകള്‍ക്ക് ഇന്ന് ക്രിസ്തുമസിന് മുന്‍പ് അവസാന മത്സരം. ബാഴ്‌സലോണയും അത്‌ലറ്റിക്കോ മാഡ്രിഡും ഇന്ന് ഇറങ്ങും.  പുലര്‍ച്ചെ 12.15ന് തുടങ്ങുന്ന മത്സരത്തില്‍ അത്‌ലറ്റിക്കോ റയല്‍ സോസിഡാഡിനെ നേരിടും. നിലവില്‍ 12 കളിയില്‍ 29 പോയിന്റുമായി അത്‌ലറ്റിക്കോ ഒന്നാമതും 15 കളിയില്‍ 26 പോയിന്റുള്ള സോസിഡാഡ് മൂന്നാം സ്ഥാനത്തുമാണ്.

പുലര്‍ച്ചെ 2.30ന് തുടങ്ങുന്ന മത്സരത്തില്‍ ബാഴ്‌സലോണ, വയ്യാഡോലിഡിനെ നേരിടും. 13 കളിയില്‍ 21 പോയിന്റുളള ബാഴ്‌സലോണ നിലവില്‍ അഞ്ചാം സ്ഥാനത്താണ്. 18ആം സ്ഥാനത്താണ് വയ്യാഡോലിഡ്. റയല്‍ മാഡ്രിഡിന് നാളെ മത്സരമുണ്ട്.