ഈ സീസണിലെ താരലേലത്തിൽ ആരും ടീമിലെടുക്കാതിരുന്ന മധ്‌വാൾ മുംബൈ ഇന്ത്യൻസിനൊപ്പം നെറ്റ് ബൗളറായിരുന്നു. അവിടെ നിന്നാണ് മധ്‌വാള്‍ ചെന്നൈ ക്യാമ്പിലേക്ക് എത്തുന്നത്.
മുംബൈ: ഐപിഎല്ലില്‍ നിന്ന് പരിക്കേറ്റ് പുറത്തായ യുവതാരം ആയുഷ് മാത്രെയ്ക്ക് പകരക്കാരനായി മുൻ മുംബൈ ഇന്ത്യൻസ് പേസർ ആകാശ് മധ്‌വാളിനെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഐപിഎല്‍ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ വാങ്കഡെയിൽ മുംബൈ ഇന്ത്യൻസിനെ നേരിടാൻ ഇറങ്ങുന്നതിന് തൊട്ടുമുൻപാണ് ചെന്നൈ മാത്രെയുടെ പകരക്കാരനായി മുന്‍ മുംബൈ താരത്തെ ടീമിലെടുത്തകാര്യം പ്രഖ്യാപിച്ചത്.
ഈ സീസണിലെ താരലേലത്തിൽ ആരും ടീമിലെടുക്കാതിരുന്ന മധ്‌വാൾ മുംബൈ ഇന്ത്യൻസിനൊപ്പം നെറ്റ് ബൗളറായിരുന്നു. അവിടെ നിന്നാണ് മധ്‌വാള്‍ ചെന്നൈ ക്യാമ്പിലേക്ക് എത്തുന്നത്. 32-കാരനായ മധ്‌വാളിനെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് ചെന്നൈ ടീമിലെത്തിച്ചത്.
മുന്‍ സീസണുകളില്‍ മുംബൈ ഇന്ത്യൻസിനായി തകർപ്പൻ പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ് ആകാശ് മധ്വാൾ. മുംബൈയ്ക്കായി 13 മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2023-ൽ ലക്നൗവിനെതിരെ 5 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയതാണ് ഏറ്റവും മികച്ച പ്രകടനം. കഴിഞ്ഞ സീസണിൽ സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാൻ റോയൽസിന്‍റെ ഭാഗമായിരുന്ന മധ്‌വാള്‍ 4 മത്സരങ്ങളിൽ നിന്ന് 4 വിക്കറ്റും വീഴ്ത്തിയിരുന്നു.
ഈ സീസണിൽ ചെന്നൈയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് 18-കാരനായ ആയുഷ് മാത്രെ. 6 മത്സരങ്ങളിൽ നിന്ന് 2 അർധസെഞ്ച്വറികൾ ഉൾപ്പെടെ 201 റൺസാണ് മാത്രെ അടിച്ചുകൂട്ടിയത്. ഹൈദരാബാദിനെതിരായ മത്സരത്തിനിടെയാണ് മാത്രെയ്ക്ക് പരിക്കേറ്റത്. മാത്രെയുടെ അഭാവത്തിൽ സര്‍ഫറാസ് ഖാനാണ് ഇന്ന് ചെന്നൈയ്ക്കായി മൂന്നാം നമ്പറിൽ ബാറ്റിംഗിന് ഇറങ്ങുന്നത്. പരിക്കുകൾ മൂലം വലയുന്ന ചെന്നൈ ബൗളിംഗ് നിരയ്ക്ക് ആകാശ് മധ്‌വാളിന്റെ വേഗതയും കൃത്യതയും വലിയ കരുത്താകുമെന്നാണ് വിലയിരുത്തൽ.
