ദില്ലി: ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റുകളില്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിക്കണമെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ ചേതന്‍ ശര്‍മ. ബുമ്രയുടെ പ്രതിഭ ഇന്ത്യയിലെ പേസിനെ തുണയ്ക്കാത്ത പിച്ചുകളില്‍ എറിഞ്ഞ് നശിപ്പിക്കരുതെന്നും ചേതന്‍ ശര്‍മ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ് ബുമ്ര എന്ന് നമുക്കെല്ലാം അറിയാം. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ പന്തെറിഞ്ഞ് അതിനി വീണ്ടും തെളിയിക്കേണ്ട കാര്യമില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി വളരെ ദൈര്‍ഘ്യമേറിയ സീസണാണ് ഇന്ത്യക്ക് മുന്നിലുള്ളത്. അതുകൊണ്ടുതന്നെ ബുമ്രയുടെ സാന്നിധ്യം ടീം ഇന്ത്യക്ക് അനിവാര്യമാണ്.

ടെസ്റ്റ് ജയിക്കുക, പോയന്റ് നേടുക എന്നത് മാത്രമാണ് നമ്മുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റുകളില്‍ ബുമ്രയെ എറിഞ്ഞ് തളര്‍ത്തരുതെന്നും ചേതന്‍ ശര്‍മ പറഞ്ഞു. ഇന്ത്യന്‍ പിച്ചുകളില്‍ ബുമ്രക്ക് വിശ്രമം നല്‍കി സ്പിന്നര്‍മാരെ കൂടുതല്‍ ആശ്രയിക്കണമെന്നം ചേതന്‍ ശര്‍മ പറഞ്ഞു.

Also Read: ബുമ്രക്ക് വിശ്രമം കൊടുത്തത് എന്തിന്; കോലിയുടേത് ഒന്നൊന്നര പ്ലാന്‍

കപില്‍ദേവിന്റെ കാലത്ത് ഇന്ത്യക്ക് ഒരു കപില്‍ ദേവെ ഇന്ത്യക്ക് ഉണ്ടായിരുന്നുള്ളു. ഇന്ന് കാലം മാറി, നിലവാരമുള്ള ഒട്ടേറെ പേസ് ബൗളര്‍മാരുണ്ട്. അതുകൊണ്ടുതന്നെ പരിക്കിന്റെ പിടിയിലാവാതിരിക്കാന്‍ ബുമ്രയ്ക്ക് മത്സരങ്ങള്‍ക്കിടയ്ക്ക് മതിയായ വിശ്രമം അനുവദിക്കണമെന്നും ശര്‍മ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റില്‍ അരങ്ങേറിയ ശേഷം 12 ടെസ്റ്റുകളാണ് ബുമ്ര ഇന്ത്യക്കായി ഇതുവരെ കളിച്ചത്. മൂന്ന് ടെസ്റ്റുകള്‍ ബുമ്രക്ക് പരിക്ക് മൂലം നഷ്ടമായി. ഇന്ത്യന്‍ ബൗളര്‍മാരില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ പന്തെറിഞ്ഞ രണ്ടാമത്തെ ബൗളറും(451.5) ബുമ്രായാണ്. നാലോവര്‍ കൂടുതലെറിഞ്ഞ മുഹമ്മദ് ഷമിയാണ് ബുമ്രയെക്കാള്‍ മുന്നിലുള്ളത്. പക്ഷെ ഷമിയാകട്ടെ 15 ടെസ്റ്റുകളില്‍ കളിച്ചു.

മറ്റ് ടീമുകളില്‍ പാറ്റ് കമിന്‍സ്, ജെയിംസ് ആന്‍ഡേഴ്സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോഷ് ഹേസല്‍വുഡ് എന്നിവരെല്ലാം ബുമ്രയെക്കാള്‍ കൂടുതല്‍ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും അവരെല്ലാം ബുമ്രയെക്കാള്‍ കൂടുതല്‍ ടെസ്റ്റ് കളിച്ചു. ഒരു ടെസ്റ്റില്‍ ശരാശരി 38 ഓവറാണ് ബുമ്ര എറിയുന്നത്. 39 ഓവര്‍ എറിയുന്ന ഹേസല്‍വുഡാണ് ഇക്കാര്യത്തില്‍ ഒന്നാമതുള്ളത്.

ടി20യിലും ഏകദിനത്തിലും കൂടി കണക്കിലെടുത്താല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ 2018 ജനുവരിക്ക് ശേഷം 724.3 ഓവറുകളാണ് ബുമ്ര എറിഞ്ഞത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും കൂടുതല്‍ പന്തെറിഞ്ഞത് ബുമ്രയാണ്. ലോക ക്രിക്കറ്റില്‍ പാറ്റ് കമിന്‍സ്(809.2), കാഗിസോ റബാദ(797) എന്നിവര്‍ മാത്രമാണ് ബുമ്രയുടെ മുന്നിലുള്ളത്.