Asianet News MalayalamAsianet News Malayalam

സസെക്സ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ലോര്‍ഡ്സില്‍ സെഞ്ചുറിയുമായി പൂജാര

അസ്‌ലോപ്പിന്‍റെയും പൂജാരയുടെയും സെഞ്ചുറികളുടെ മികവില്‍ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ സസെക്സ് നാലു വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സെന്ന ശക്തമായ നിലയിലാണ്. മിഡില്‍സെക്സിനായി കളിച്ച ഇന്ത്യയുടെ ഉമേഷ് യാദവ് 18 ഓവര്‍ എറി‌ഞ്ഞെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.

Cheteshwar Pujara hits hundred as Sussex
Author
London, First Published Jul 19, 2022, 11:59 PM IST

ലണ്ടന്‍: കൗണ്ടി ടീമായ സസെക്സിന്‍റെ ക്യാപ്റ്റനായുള്ള അരങ്ങേറ്റം സെഞ്ചുറിയുമായി ആഘോഷിച്ച് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. ലോര്‍ഡ്സില്‍ നടക്കുന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ മിഡില്‍സെക്സിനെതിരെയായിരുന്നു പൂജാരയുടെ സെഞ്ചുറി. കൗണ്ടി സീസണില്‍ സസെക്സിനായി അഞ്ചാം സെഞ്ചുറിയാണ് പൂജാര ഇന്ന് നേടിയത്.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ സസെക്സിന് തുടക്കത്തിലെ ഓപ്പണര്‍ അലിസ്റ്റര്‍ ഓറിനെ നഷ്ടമായി. 33 റണ്‍സെടുത്ത ടോം ക്ലാര്‍ക്കും മടങ്ങിയശേഷം ക്രീസിലെത്തിയ പൂജാര സെഞ്ചുറി നേടിയ ടോം അസ്‌ലോപ്പിനൊപ്പം മൂന്നാം വിക്കറ്റില്‍ 217 റണ്‍സാണ് അടിച്ചു കൂട്ടിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി അതിവേഗ ബാറ്റിംഗിലൂടെ സ്കോറുയര്‍ത്തിയ പൂജാര 182 പന്തില്‍ 115 റണ്‍സുമായി ക്രീസിലുണ്ട്. 10 ഫോറും ഒരു സിക്സും അടങ്ങുന്നതാണ് പൂജാരയുടെ ഇന്നിംഗ്സ്. അഞ്ച് റണ്‍സുമായി ഒലിവര്‍ കാര്‍ട്ടറാണ് പൂജാരക്കൊപ്പം ക്രീസില്‍.

കൗണ്ടിയിലെ മികച്ച പ്രകടനം തുണയായി; സസെക്‌സിനെ ഇനി ചേതേശ്വര്‍ പൂജാര നയിക്കും

 277 പന്തില്‍ 135 റണ്‍സെടുത്ത അസ്‌ലോപ്പാണ് സസെക്സിന്‍റെ ടോപ് സ്കോറര്‍. അസ്‌ലോപ്പിന്‍റെയും പൂജാരയുടെയും സെഞ്ചുറികളുടെ മികവില്‍ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ സസെക്സ് നാലു വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സെന്ന ശക്തമായ നിലയിലാണ്. മിഡില്‍സെക്സിനായി കളിച്ച ഇന്ത്യയുടെ ഉമേഷ് യാദവ് 18 ഓവര്‍ എറി‌ഞ്ഞെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.

ഡെര്‍ബിഷെയറിനെതിരെ സസെക്സിനായി സീസണില്‍ ഡബിള്‍ സെഞ്ചുറിയുമായാണ് പൂജാര അരങ്ങേറിയത്. പിന്നീട് വോഴ്സറ്റര്‍ഷെയറിനെതിരെ സെഞ്ചുറിയും ഡര്‍ഹാമിനെതിരെ ഡബിള്‍ സെഞ്ചുറിയും മിഡില്‍ സെക്സിനെതിരെ അപരാജിത സെഞ്ചുറിയും(170*) പൂജാര നേടി.

ഉമേഷ് യാദവ് കൗണ്ടി ക്രിക്കറ്റിലേക്ക്; ഷഹീന്‍ അഫ്രീദിക്ക് പകരം മിഡില്‍സെക്‌സിന് വേണ്ടി കളിക്കും

കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ മിന്നുന്ന പ്രകടനങ്ങളുടെ കരുത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലും പൂജാര തിരിച്ചെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്കുശേഷം മോശം ഫോമിന്‍റെ പേരില്‍ ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ടീമില്‍ നിന്ന പുറത്തായ പൂജാര ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്ത്യക്കായി കളിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ 66 റണ്‍സടിച്ച് പൂജാര തിളങ്ങുകയും ചെയ്തു.

Follow Us:
Download App:
  • android
  • ios