ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി പുറത്തെടുത്ത മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ അജിങ്ക്യാ രഹാനെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍ ആയതിലൂടെ വീണ്ടും വൈസ് ക്യാപ്റ്റനായി ഉയര്‍ത്തപ്പെട്ടുവെന്നതും ശ്രദ്ധേയമാണ്.
മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചേതേശ്വര്‍ പൂജാര പുറത്താകുമെന്ന് പ്രതീക്ഷിക്കപ്പെട്ടതാണെങ്കിലും മുഹമ്മദ് ഷമി ടെസ്റ്റ്, ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയത് അപ്രതീക്ഷിതമായി.ഏകദിന ലോകകപ്പും ഏഷ്യാ കപ്പും കണക്കിലെടുത്ത് ഷമിക്ക് വിശ്രമം അനുവദിച്ചതാണ് എന്നാണ് സൂചന. എന്നാല്‍ സെലക്ര്‍മാര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ഷമി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യക്കായി കളിച്ചിരുന്നു.
കൗണ്ടിയില്‍ തിളങ്ങിയിട്ടും ഇംഗ്ലണ്ടില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങാനാനാവാതിരുന്നതാണ് പൂജാരയുടെ സ്ഥാനം തെറിക്കാന്‍ കാരണമായത്. പൂജാര പുറത്തായതോടെ ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ യശസ്വി ജയ്‌സ്വാളോ റുതുരാജ് ഗെയ്‌ക്‌വാദോ ഇന്ത്യക്കായി അരങ്ങേറുമെന്ന് ഉറപ്പായി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി പുറത്തെടുത്ത മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ അജിങ്ക്യാ രഹാനെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍ ആയതിലൂടെ വീണ്ടും വൈസ് ക്യാപ്റ്റനായി ഉയര്‍ത്തപ്പെട്ടുവെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഒന്നരവര്‍ഷമായി സെലക്ടര്‍മാരുടെ പരിഗണനയില്‍ പോലുമില്ലാതിരുന്ന താരമാണ് രഹാനെ.
രോഹിത് ശര്‍മ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചാല്‍ സ്വാഭാവികമായും രഹാനെ ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കുമെന്ന സന്ദേശമാണ് ഇതുവഴി സെലക്ടര്‍മാര്‍ നല്‍ക്കുന്നത്.
ടെസ്റ്റ് ടീമിലേക്ക് യശസ്വി ജയ്‌സ്വാളിനെയും റുതുരാജ് ഗെയ്ക്ഞവാദിനെയും പരിഗണിച്ചപ്പോള്‍ രഞ്ജി ട്രോഫിയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചിട്ടും സര്‍ഫ്രാസ് ഖാന്‍ വീണ്ടും തഴയപ്പെട്ടു. പേസര്‍ മുകേഷ് കുമാറിന്‍റെ വരവ് പ്രതീക്ഷിച്ചതാണെങ്കിലും നവദീവ് സെയ്നി ടെസ്റ്റ് ടീമില്‍ മടങ്ങിയെത്തിയത് അപ്രതീക്ഷിതമായി. തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും വിക്കറ്റ് കീപ്പറായി കെ എസ് ഭരതില്‍ വിശ്വാസമര്‍പ്പിക്കാനാണ് സെലക്ടര്‍മാര്‍ തീരുമാനിച്ചത്. റിഷഭ് പന്ത് മടങ്ങിവരുന്നതുവരെയെങ്കിലും ഭരതിന് ടെസ്റ്റ് ടീമില്‍ അവസരം നല്‍കേണ്ടതുണ്ടെന്നാണ് ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന്‍റെ നിലപാട്.
വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത്, ഇഷാൻ കിഷൻ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, അക്‌സർ പട്ടേൽ , മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്കട്ട്, നവ്ദീപ് സെയ്നി.
