റിഷഭ് പന്തിനെ വിക്കറ്റ് കീപ്പറാക്കിയുള്ള ടീമിനെയാണ് പൂജാര തിരഞ്ഞെടുത്തിരിക്കുന്നത്. ഇതോടെ ഫിനിഷര്‍ റോളില്‍ കളിക്കുന്ന ദിനേശ് കാര്‍ത്തിക് പുറത്താവുകയും ചെയ്തു.

ലണ്ടന്‍: ഏഷ്യാ കപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ടി20 ലോകകപ്പിന് ശേഷമാണ് ഇരുവരും ഇന്ന് നേര്‍ക്കുനേര്‍ വരുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം. ഇതിനകം പലരും പ്ലയിംഗ് ഇലവനെ കുറിച്ച് സംസാരിച്ച് കഴിഞ്ഞു. ഇന്ത്യന്‍ വനിതാ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ അഞ്ജും ചോപ്ര ഇന്നലെ പ്ലയിംഗ് ഇലവനെ കുറിച്ച് സംസാരിച്ചിരുന്നു. കെ എല്‍ രാഹുലിനെ ഒഴിവാക്കിയാണ് ചോപ്ര ടീം അവതരിപ്പിച്ചത്. ഇപ്പോള്‍ ഇന്ത്യയുടെ പ്ലയിംഗ് ഇലവന്‍ തിരഞ്ഞെടുത്തിരിക്കുകയാണ് ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര.

റിഷഭ് പന്തിനെ വിക്കറ്റ് കീപ്പറാക്കിയുള്ള ടീമിനെയാണ് പൂജാര തിരഞ്ഞെടുത്തിരിക്കുന്നത്. ഇതോടെ ഫിനിഷര്‍ റോളില്‍ കളിക്കുന്ന ദിനേശ് കാര്‍ത്തിക് പുറത്താവുകയും ചെയ്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം കെ എല്‍ രാഹുല്‍ ഓപ്പണറായെത്തും. ദീര്‍ഘകാലമായി ഫോമിലല്ലെങ്കില്‍ പോലും വിരാട് കോലി ടീമിലെത്തി. വിശ്വസ്ഥനായ സൂര്യകുമാര്‍ യാദവ് നാലാം നമ്പറില്‍ കളിക്കും. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് പിന്നീട് ക്രീസിലെത്തുക.

റോസ് ടെയ്‌ലര്‍ക്ക് ശേഷം വിരാട് കോലി! പാകിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ താരം നാഴികക്കല്ല് പിന്നിടും

ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ഫിനിഷറുടെ റോള്‍ കൂടിയുണ്ടാവും. അതോടൊപ്പം പന്തെടുക്കുമ്പോഴും അദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്. സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പിന്നീട് ക്രീസിലെത്തും. കാര്‍ത്തികിന് പകരം ഫിനിഷറായും ജഡേജയെ ഉപയോഗിക്കാം. യൂസ്‌വേന്ദ്ര ചാഹലാണ് ടീമിലെ മറ്റൊരു സ്പിന്നര്‍. സപെഷ്യലിസ്റ്റ് പേസര്‍മാരായി ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ് എന്നിവരും ടീമിലുണ്ട്. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, യൂസ്‌വേന്ദ്ര ചാഹല്‍.

ഏഷ്യാ കപ്പില്‍ വിവാദം; ശ്രീലങ്കന്‍ താരം നിസ്സങ്ക പുറത്തായ രീതിയെ വിമര്‍ശിച്ച് ക്രിക്കറ്റ് ലോകം- ട്വീറ്റുകള്‍

ഏഷ്യാ കപ്പിലെ നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. 14 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 8 തവണ ഇന്ത്യയും 5 തവണ പാകിസ്താനും ജയിച്ചു.