അവസാന രണ്ട് ടെസ്റ്റിലും ബാറ്റ് ശരിയായി പിടിക്കാന്‍ പ്രയാസപ്പെട്ടു. വേദനയോടെയാണ് കളിച്ചത് എന്ന് പൂജാര.

ചെന്നൈ: ഓസ്‌ട്രേലിയൻ പര്യടനത്തിൽ പരിക്കേറ്റ കൈയുമായാണ് സിഡ്‌നിയിലും ബ്രിസ്‌ബേനിലും ബാറ്റ് ചെയ്തതെന്ന് ഇന്ത്യന്‍ താരം ചേതേശ്വർ പൂജാര. മെല്‍ബണിലെ പരിശീലനത്തിന് ഇടയിലാണ് വിരലിന് പരിക്കേറ്റത്. അവസാന രണ്ട് ടെസ്റ്റിലും ബാറ്റ് ശരിയായി പിടിക്കാന്‍ പ്രയാസപ്പെട്ടു. വേദനയോടെയാണ് കളിച്ചത്. ബ്രിസ്‌ബേനില്‍ വീണ്ടും പന്ത് കൈയില്‍ കൊണ്ടു. ഇതോടെ വേദന കൂടി. നാല് വിരലുകൊണ്ട് ബാറ്റ് ചെയ്യേണ്ടി വന്നതായും പൂജാര പറഞ്ഞു. 

ഗാബയിലെ അവസാന ദിനം ആദ്യ സെഷനിൽ വിക്കറ്റ് നഷ്ടപ്പെടുത്തില്ലെന്ന് ഉറപ്പിച്ചിരുന്നു. ശുഭ്മാൻ ഗില്ലും നല്ല പിന്തുണ നൽകി. പന്ത് പലതവണ ശരീരത്തിൽ കൊണ്ടെങ്കിലും വിക്കറ്റ് വിലപ്പെട്ടതാണെന്ന ബോധ്യം പൊരുതാൻ പ്രേരിപ്പിച്ചുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. 

ആവേശം അവസാന ദിനത്തെ അവസാന സെഷനിലേക്ക് നീണ്ട ഗാബ ടെസ്റ്റില്‍ പൂജാരയുടെ ചെറുത്തുനില്‍പ് (211 പന്തില്‍ 56 റണ്‍സ്) ശ്രദ്ധേയമായിരുന്നു. പാറ്റ് കമ്മിന്‍സിന്‍റേയും ജോഷ് ഹേസല്‍വുഡിന്‍റേയും തുടര്‍ച്ചയായ ബൗണ്‍സര്‍ ആക്രമണങ്ങളെ പ്രതിരോധിച്ചായിരുന്നു ഇന്നിംഗ്‌സ്. ഇതിനിടെ പലകുറി പൂജാരയ്‌ക്ക് ഏറ് കൊണ്ടു. വ്യക്തിഗത സ്‌കോര്‍ 56ല്‍ നില്‍ക്കേ പാറ്റ് കമ്മിന്‍സ് എല്‍ബിയില്‍ താരത്തെ മടക്കി. ഗാബയിലെ മൂന്ന് വിക്കറ്റ് ജയത്തോടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കുകയായിരുന്നു.

എന്തുകൊണ്ട് സ്‌ട്രൈക്ക് റേറ്റ് കുറഞ്ഞു?

ഇത്തവണ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ മെല്ലപ്പോക്കിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് ചേതേശ്വര്‍ പൂജാര. ഇത്തവണ 29.20 സ്‌ട്രൈക്ക് റേറ്റില്‍ എട്ട് ഇന്നിംഗ്‌സുകളില്‍ നിന്ന് 271 റണ്‍സാണ് പൂജാര കണ്ടെത്തിയത്. ഒരൊറ്റ സെഞ്ചുറി പോലില്ലെങ്കിലും നിര്‍ണായകമായ പ്രതിരോധമുറകള്‍ കൊണ്ട് താരം ഇന്ത്യന്‍ ജയത്തില്‍ സജീവ സാന്നിധ്യമായി. മുമ്പ് 2018-19 പര്യടനത്തില്‍ 41.41 സ്‌ട്രൈക്ക് റേറ്റില്‍ ഏഴ് ഇന്നിംഗ്‌സില്‍ നിന്ന് മൂന്ന് ശതകങ്ങളടക്കം പൂജാര 521 റണ്‍സ് നേടിയിരുന്നു. 

'ഓസ്‌ട്രേലിയയിലേക്ക് തിരിക്കുന്നതിന് മുമ്പ് കൂടുതല്‍ ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ കളിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ ഒന്ന് മാത്രമാണ് കളിക്കാന്‍ കഴിഞ്ഞത്. അതിലാവട്ടെ തൃപ്തികരമായ പ്രകടനം പുറത്തെടുക്കാനായില്ല. കൂടുതല്‍ സമയവും നെറ്റ് പ്രാക്ടീസിലായിരുന്നു. കൊവിഡ് കാലത്ത് കൂടുതല്‍ മത്സരങ്ങള്‍ കളിക്കാന്‍ കഴിയാതിരുന്നതാണ് സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്തുന്നതിന് തടസമായത്' എന്നാണ് പൂജാരയുടെ പ്രതികരണം.