രഞ്ജിയില്‍ കര്‍ണാടകയ്ക്കെതിരായ മത്സരത്തിന്റെ ഭാഗമായിരുന്നു സഞ്ജു.
കൊച്ചി: രഞ്ജി ട്രോഫിയുടെ ചരിത്രത്തിലാധ്യമായി ഫൈനലിലെത്തിയിരിക്കുകയാണ് കേരളാ ക്രിക്കറ്റ് ടീം. സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ ആദ്യ ഇന്നിംഗില്‍ രണ്ട് റണ്‍സ് ലീഡെടുത്തതിന് പിന്നാലെയാണ് കേരളം കലാശപ്പോരിന് യോഗ്യത നേടിയത്. ഈ മാസം 26ന് വിദര്‍ഭയ്ക്കെതിരെയാണ് കേരളത്തിന്റെ ഫൈനല്‍ മത്സരം ആരംഭിക്കുന്നത്. ഫൈനലിന് മാത്രമായി ടീമില്‍ മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് ഫൈനലിന് തിരിച്ചെത്തുമോയെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്.
രഞ്ജിയില്‍ കര്‍ണാടകയ്ക്കെതിരായ മത്സരത്തിന്റെ ഭാഗമായിരുന്നു സഞ്ജു. 13 പന്തില്‍ 15 റണ്‍സുമായി ക്രീസില്‍ നില്‍ക്കെ മഴയെത്തുകയും പിന്നീട് മത്സരം ഉപേക്ഷിക്കുകയും ചെയ്തു. തുടര്‍ന്നുള്ള മത്സരങ്ങളില്‍ സഞ്ജു കളിച്ചിരുന്നില്ല. ഇതിനിടെ ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയുടെ ഭാഗമാവുകയും ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാനുമായില്ല. ഇംഗ്ലണ്ടിനെതിരെ അവസാന മത്സരത്തില്‍ പരിക്കേറ്റ സഞ്ജുവിന്റെ ചൂണ്ടുവിരലിന് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നിരുന്നു.
ഭാരം 20 ഗ്രാം, വില ഏഴ് കോടി! സൈബറിടത്ത് ട്രന്‍ഡിംഗായി ഹാര്‍ദിക് പാണ്ഡ്യയുടെ വാച്ച്
ജോഫ്ര ആര്‍ച്ചറുടെ പന്ത് വിരലില്‍ കൊണ്ടാണ് സഞ്ജുവിന് പരിക്കേല്‍ക്കുന്നത്. ഇപ്പോഴും വിരല്‍ ചുറ്റിക്കെട്ടിയാണ് സഞ്ജു നടക്കുന്നതും. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയപ്പോഴും സഞ്ജുവിന്റെ കൈ വിരലില്‍ ഒരു കെട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഫൈനല്‍ മത്സരത്തിന് വേണ്ടി കേരള ടീമില്‍ സഞ്ജു തിരിച്ചെത്തില്ല.
ഇപ്പോള്‍ സഞ്ജുവിന്റെ പരിക്കിനെ കുറിച്ച് സംസാരിക്കുകയാണ് കേരള ക്രിക്കറ്റ് ടീം മുഖ്യ സെലക്റ്റര്‍ പി. പ്രശാന്ത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''വിദര്‍ഭയ്‌ക്കെതിരായ രഞ്ജി ട്രോഫി ഫൈനലിലും കേരള ടീമില്‍ പരീക്ഷണങ്ങള്‍ പ്രതീക്ഷിക്കാം. ഫൈനലില്‍ ജയിക്കാന്‍ കേരളത്തിന് സാധിക്കും. പരിക്കില്ലായിരുന്നെങ്കില്‍ സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തുമായിരുന്നു.'' പ്രശാന്ത് വ്യക്തമാക്കി. ഒരു ദിവസമാണ് ഫൈനലിന് അവശേഷിക്കുന്നത്. അപ്പോഴേക്കും അദ്ദേഹത്തിന് പരിക്കില്‍ നിന്നും പൂര്‍ണമായും മോചിതനാവാന്‍ വഴിയില്ല.

