മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത പ്രഹരം നല്‍കിയാണ് ടീം ഇന്ത്യ തുടങ്ങിയത്

ഈസ്റ്റ് ലണ്ടന്‍: ത്രിരാഷ്ട്ര ട്വന്‍റി 20 പരമ്പരയുടെ ഫൈനലില്‍ ദക്ഷിണാഫ്രിക്കന്‍ വനിതകളോട് പൊരുതി കീഴടങ്ങി ഇന്ത്യന്‍ വനിതകള്‍. അഞ്ച് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. ഇന്ത്യന്‍ വനിതകള്‍ മുന്നോട്ടുവെച്ച 110 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് പ്രോട്ടീസ് നേടിയത്. ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയെങ്കിലും ക്ലോയി ട്രയോണ്‍(32 പന്തില്‍ 57) അർധസെഞ്ചുറി നേടിയത് അവർക്ക് തുണയായി. വെസ്റ്റ് ഇന്‍ഡിസാണ് പരമ്പരയില്‍ പങ്കെടുത്ത മറ്റൊരു ടീം. ക്ലോയി ട്രയോണ്‍ ഫൈനലിന്‍റെയും ദീപ്‍തി ശർമ്മ പരമ്പരയുടേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു. 

തിരിച്ചടി നല്‍കി തുടക്കം

മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത പ്രഹരം നല്‍കിയാണ് ടീം ഇന്ത്യ തുടങ്ങിയത്. 10.2 ഓവറില്‍ 47 റണ്‍സില്‍ നില്‍ക്കേ പ്രോട്ടീസ് വനിതകളുടെ നാല് വിക്കറ്റ് കവർന്നു. 9 പന്തില്‍ പൂജ്യത്തില്‍ നില്‍ക്കേ ലോറ വോള്‍വാർട്ടിനെ ദീപ്തി ശർമ്മ ബൗള്‍ഡാക്കി. തസ്മീന്‍ ബ്രിറ്റ്സിനെ(15 പന്തില്‍ 8) സ്നേഹ് റാണയും ലാറ ഗുഡോളിനെ(11 പന്തില്‍ 7) രാജേശ്വരി ഗെയ്‍ക്വാദും പുറത്താക്കി. ക്യാപ്റ്റന്‍ സുനേ ലൂസിനെ മടക്കി രേണുക സിംഗ് ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത ആഘാതം നല്‍കി. വൈകാതെ 11 പന്തില്‍ എട്ട് റണ്‍സെടുത്ത അന്നെറീ ഡെർക്സനെ സ്നേഹ് റാണ റിട്ടേണ്‍ ക്യാച്ചില്‍ പുറത്താക്കുകയും ചെയ്തു.

എന്നാല്‍ ആറാം വിക്കറ്റില്‍ ക്ലോയി ട്രയോണ്‍-നഡീന്‍ ഡി ക്ലെർക് സഖ്യം ദക്ഷിണാഫ്രിക്കയെ അനായാസം ജയത്തിലെത്തിച്ചു. ക്ലോയി ട്രയോണ്‍ 30 പന്തില്‍ അർധസെഞ്ചുറി തികച്ചു. 18 ഓവറില്‍ ദക്ഷിണാഫ്രിക്ക കിരീടം സ്വന്തമാക്കുമ്പോള്‍ ക്ലോയി 32 പന്തില്‍ 57* ഉം ഡി ക്ലെർക്ക് 17 പന്തില്‍ 17* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.

20 റണ്‍സ് കൂടുതലുണ്ടായിരുന്നെങ്കില്‍...

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹർമന്‍പ്രീത് കൗറും സംഘവും നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുക്കുകയായിരുന്നു. ഓപ്പണർമാരെ തുടക്കത്തിലെ നഷ്ടമായപ്പോള്‍ ഹർലിന്‍ ഡിയോളിന്‍റെയും അവസാന ഓവറുകളില്‍ ദീപ്തി ശർമ്മയുടേയും ബാറ്റിംഗാണ് രക്ഷയായത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യന്‍ വനിതകളുടെ തീരുമാനം തെറ്റായിപ്പോയി എന്ന് തോന്നിച്ചാണ് മത്സരം തുടങ്ങിയത്. പവർപ്ലേയില്‍ ഇഴഞ്ഞ ടീമിന് ഇരു ഓപ്പണർമാരെയും ഏഴ് ഓവറിനിടെ നഷ്ടമായി. രണ്ടാം ഓവറില്‍ സ്കോർ ബോർഡ് ഒന്നില്‍ നില്‍ക്കുമ്പോഴേ സ്റ്റാർ ഓപ്പണർ സ്‍മൃതി മന്ഥാനയെ(8 പന്തില്‍ 0) മലാബ ബൗള്‍ഡ് ചെയ്തു. സഹ ഓപ്പണർ ജെമീമ റോഡ്രിഗസിനും(18 പന്തില്‍ 11) മലാബയ്ക്ക് മുന്നില്‍ അടിയറവുപറഞ്ഞു. ഇരുവരും പുറത്താകുമ്പോള്‍ 6.6 ഓവറില്‍ വെറും 21 റണ്‍സ് മാത്രമാണ് ഇന്ത്യക്കുണ്ടായിരുന്നത്. മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗറും ഹർലിന്‍ ഡിയോളും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വിലപ്പോയില്ല. 22 പന്തില്‍ 21 റണ്‍സെടുത്ത ഹർമനെ 16-ാം ഓവറിലെ അവസാന പന്തില്‍ സുനേ ലൂസ് പുറത്താക്കി. ഈസമയം 69 റണ്‍സേ ടീമിനുണ്ടായിരുന്നുള്ളൂ. 

എന്നാല്‍ ഹർലിന്‍ ഡിയോണിനൊപ്പം ഒന്നിച്ച ദീപ്തി ശർമ്മ ഇന്ത്യയെ 19-ാം ഓവറില്‍ 100 കടത്തി. അവസാന ഓവറില്‍ അർധസെഞ്ചുറിക്ക് ശ്രമിക്കവേ ഡിയോള്‍ പുറത്തായി. 56 പന്തില്‍ നാല് ഫോറുകളോടെ 46 റണ്‍സെടുത്ത ഡിയോളിനെ ഖാക്ക പുറത്താക്കുകയായിരുന്നു. ഇന്നിംഗ്സ് പൂർത്തിയാകുമ്പോള്‍ ദീപ്തി ശർമ്മയും(14 പന്തില്‍ 16*), പൂജ വസ്ത്രക്കറും(2 പന്തില്‍ 1*) പുറത്താവാതെ നിന്നു. 

ത്രിരാഷ്‍ട്ര ടി20 ഫൈനല്‍: പ്രോട്ടീസിനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 109 റണ്‍സ്, ഹർലിന് ഫിഫ്റ്റി നഷ്‍ടം