ജമൈക്ക: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കരിയറിലെ ഇരുന്നൂറാമത്തെയും അവസാനത്തെയും ടെസ്റ്റ് ഇന്ത്യന്‍ ആരാധകര്‍ ഒരിക്കലും മറക്കില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റില്‍ വിജയം നേടിയശേഷം വാംഖഡെയില്‍ സച്ചിന്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗം ലക്ഷക്കണക്കിന് ഇന്ത്യന്‍ ആരാധകരെയാണ് കണ്ണീരണിയിച്ചത്. ഇനിയൊരിക്കല്‍ കൂടി ക്രിക്കറ്റിന്റെ ദൈവം ക്രീസിലിറങ്ങില്ലല്ലോ എന്ന തിരിച്ചറിവും ആരാധകരുടെ കണ്ണ് നിറച്ചിരുന്നു.


എന്നാല്‍ വിടവാങ്ങല്‍ ടെസ്റ്റില്‍ സച്ചിന്‍ ഔട്ടായി മടങ്ങുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ മാത്രമല്ല, വിന്‍ഡീസ് താരങ്ങള്‍ പോലും കരഞ്ഞുവെന്ന് വെളിപ്പെടുത്തുകയാണ് അന്ന് വിന്‍ഡീസ് ടീമില്‍ കളിച്ച ഓള്‍ റൗണ്ടര്‍ കിര്‍ക് എഡ്വേര്‍ഡ്സ്. രണ്ടാം ഇന്നിംഗ്സില്‍ 74 റണ്‍സെടുത്ത് സച്ചിന്‍ പുറത്തായപ്പോള്‍ താനും ക്രിസ് ഗെയ്‌ലും കരഞ്ഞുവെന്ന് എഡ്വേര്‍ഡ്സ് പറഞ്ഞു.

Also Read: ക്യാപ്റ്റന്‍ എന്ന നിലയില്‍ സച്ചിന്‍ പരാജയമാണോ; അഭിപ്രായവുമായി മുന്‍പരിശീലകന്‍


ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇനി സച്ചിനെ കാണാനാവില്ലല്ലോ എന്നായിരുന്നു ഞങ്ങളുടെ ദു:ഖം. സച്ചിന്‍ ഔട്ടായി മടങ്ങുമ്പോള്‍ ഗെയ്‌ലിന് അടുത്തായിരുന്നു ഞാന്‍ നിന്നിരുന്നത്. ഞങ്ങള്‍ രണ്ടുപേരും കരയുകയായിരുന്നു. കണ്ണീര്‍ പുറത്തുവരാതിരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു. ഹൃദയം തൊടുന്ന നിമിഷങ്ങളായിരുന്നു അത്-എഡ്വേര്‍ഡ്സ് പറഞ്ഞു.

1989ല്‍ ഇന്ത്യക്കായി അരങ്ങേറിയ സച്ചിന്‍ 2013 നവംബര്‍ 16നാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 200 ടെസ്റ്റുകളും 463 ഏകദിനങ്ങളും ഒരു ടി20 മത്സരവും കളിച്ച സച്ചിന്‍ ടെസ്റ്റില്‍ 15921 റണ്‍സും ഏകദിനത്തില്‍ 18426 റണ്‍സും നേടി. കരിയറില്‍ 100 രാജ്യാന്തര സെഞ്ചുറികളെന്ന അപൂര്‍വ നേട്ടവും സച്ചിന്‍ സ്വന്തമാക്കി. ടെസ്റ്റില്‍ സ51ഉം ഏകദിനത്തില്‍ 49 ഉം സെഞ്ചുറികളാണ് സച്ചിന്റെ പേരിലുള്ളത്.