ജൊഹന്നാസ്ബര്‍ഗ്: ഒരു കാലത്ത് ലോക ക്രിക്കറ്റില്‍ ഏറ്റവും അപകടകാരിയായ താരമായിരുന്നു വിന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍. ടി20 ക്രിക്കറ്റില്‍ തകര്‍ക്കപ്പെട്ടാത പല റെക്കോഡുകളും ഗെയ്‌ലിന്റെ പേരിലുണ്ട്. നേട്ടങ്ങള്‍ പലതും സ്വന്തമാക്കിയിട്ടും തനിക്ക് അര്‍ഹമായ ബഹുമാനം ക്രിക്കറ്റില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ഗെയ്ല്‍ പറയുന്നത്. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന എംസാന്‍സി ടി20 ലീഗില്‍ കളിച്ചുകൊണ്ടിരിക്കെയാണ് ഗെയ്ല്‍ വികാരാധീനനായത്. 

മോശം പ്രകടനത്തില്‍ നിരാശനായ ഗെയ്ല്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയിരുന്നു. ഇതിനിടെ അദ്ദേഹം തുടര്‍ന്നു... ''റണ്‍സ് നേടിയില്ലെങ്കില്‍ എല്ലാവര്‍ക്കും താനൊരു ബാധ്യതയാണ്. അവസാനമായി കളിച്ച ജോസി സ്റ്റാര്‍സിനെക്കുറിച്ചു മാത്രമല്ല പറയുന്നത്. ടീമിനു വേണ്ടി എന്താണോ താന്‍ ചെയ്തതെന്നു അവര്‍ ഓര്‍മിക്കാറില്ല. ഒരിക്കലും തനിക്കു അര്‍ഹിച്ച ബഹുമാനം ലഭിച്ചിട്ടില്ല. ടീമിന്റെ ഏറ്റവും വലിയ ബാധ്യത താന്‍ മാത്രമാണെന്നാണ് പലരും കണക്കാക്കുന്നത്.

ആക്രമങ്ങളെല്ലാം പ്രതീക്ഷിച്ചു തന്നെയാണ് താന്‍ കളി തുടരുന്നത്. എന്റെ തകര്‍ച്ച കാണാന്‍ കാത്തിരിക്കുകയാണ് വിമര്‍ശകര്‍. എന്നാല്‍ വിമര്‍ശനങ്ങളെയെല്ലാം മറികടക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്.'' ഗെയ്ല്‍ പറഞ്ഞുനിര്‍ത്തി.

ഗെയ്ല്‍ കളിക്കുന്ന ജോസി സ്റ്റാര്‍സ് ഇതുവരെ കളിച്ച ആറു മല്‍സരങ്ങളിലും പരാജയപ്പെട്ടിരുന്നു. ആറ് ഇന്നിങ്സുകളില്‍ നിന്നും വെറും 101 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാന്‍ കഴിഞ്ഞുള്ളൂ. തുടര്‍ന്നാണ് താരം പിന്മാറിയത്.