ജൊഹാനസ്ബര്‍ഗ്: ടി20 ലീഗുകളുടെ കാര്യത്തില്‍ യൂണിവേഴ്സല്‍ ബോസാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍. ലോകമെമ്പാടുമുള്ള ടി20 ലീഗുകളില്‍ ഗെയ്ല്‍ നിറസാന്നിധ്യവുമാണ്. ദക്ഷിണാഫ്രിക്കയിലെ എംസാന്‍സി സൂപ്പര്‍ ലീഗില്‍(എംഎസ്എല്‍)ജോസി സ്റ്റാര്‍സിനായി കളിക്കുന്ന ഗെയ്ല്‍ കഴിഞ്ഞ ദിവസം ലീഗിനോട് വിടപറയുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ലീഗില്‍ തനിക്ക് വേണ്ടത്ര ബഹുമാനം ലഭിക്കുന്നില്ലെന്നും ടീമിനൊരു ഭാരമായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ഗെയ്‌ലിന്റെ പ്രഖ്യാപനം.

എന്നാല്‍ ഈ മാസം 22ന് പാള്‍ റോക്സിനെതിരെയാ മത്സരത്തില്‍ ബൗള്‍ ചെയ്ത ക്രിസ് ഗെയ്‌ല്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്യുന്നതു കണ്ട് അമ്പയര്‍ക്ക് പോലും ചിരിപൊട്ടി. പാള്‍ റോക്സിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ഹെന്‍റി ഡേവിഡിനെ വിക്കറ്റിന് മുന്നില്‍ കുടുക്കാനായിരുന്നു ഗെയ്‌ലിന്റെ അപ്പീല്‍. ഗെയ്ല്‍ അമ്പയറോട് പ്ലീസ് പ്ലീസ് എന്ന് പറഞ്ഞ് കരയുന്നതും വീഡിയോയില്‍ കാണാം. ഇതു കണ്ട് അമ്പയറായ റയാന്‍ ഹെന്‍ഡ്രിക്സ് പോലും ചിരിച്ചുപോയി.

മത്സരത്തില്‍ വിക്കറ്റൊന്നും ലഭിക്കാതിരുന്ന ഗെയ്ല്‍ ബാറ്റിംഗിലും തിളങ്ങിയിരുന്നില്ല. ഒരു റണ്‍സ് മാത്രമെടുത്ത് ഗെയ്ല്‍ പുറത്തായി. മത്സരത്തില്‍ ജോസി സ്റ്റാര്‍സ് നാലു വിക്കറ്റിന് തോല്‍ക്കുകയും ചെയ്തു. എന്നാല്‍ സ്പാര്‍ട്ടന്‍സിനെതിരായ അടുത്ത മത്സരത്തില്‍ ഗെയ്ല്‍ 54 റണ്‍സടിച്ചിട്ടും 20 റണ്‍സിന് ടീം തോറ്റു. ഇതിന് പിന്നാലെയായിരുന്നു നാല്‍പതുകാരനായ ഗെയ്ല്‍ ടൂര്‍ണമെന്റില്‍ നിന്നുള്ള പിന്‍മാറ്റം പ്രഖ്യാപിച്ചത്. ഇത്തവണ കളിച്ച ആറ് മത്സരങ്ങളിലും ഗെയ്‌ലിന്റെ ടീം തോറ്റു.