Asianet News MalayalamAsianet News Malayalam

ഹര്‍മന്‍പ്രീതും ഷഫാലിയും തിളങ്ങി, ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍

ടോസിലെ ഭാഗ്യം ഇന്ത്യക്ക് ബാറ്റിംഗിലുണ്ടായില്ല. ഷെഫാലിയ കാഴ്ചക്കാരിയാക്കി തുടക്കത്തില്‍ തകര്‍ത്തടിച്ചത് സ്മൃതി മന്ഥാനയായിരുന്നു. 3.3 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 25ല്‍ എത്തിയപ്പോള്‍ അതില്‍ 24ഉം സ്മൃതിയുടെ ബാറ്റില്‍ നിന്നായിരുന്നു.

Commonwealth Games Cricket: India set 155 runs target fpr Australia
Author
Birmingham, First Published Jul 29, 2022, 5:20 PM IST

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 155 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. ഷഫാലി വര്‍മ 48 റണ്‍സടിച്ച് തിളങ്ങി. ഓസീസിനായി ജെസ് ജൊനാസന്‍ നാലു വിക്കറ്റ് വീഴ്ത്തി.

ടോസിലെ ഭാഗ്യം ഇന്ത്യക്ക് ബാറ്റിംഗിലുണ്ടായില്ല. ഷെഫാലിയ കാഴ്ചക്കാരിയാക്കി തുടക്കത്തില്‍ തകര്‍ത്തടിച്ചത് സ്മൃതി മന്ഥാനയായിരുന്നു. 3.3 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 25ല്‍ എത്തിയപ്പോള്‍ അതില്‍ 24ഉം സ്മൃതിയുടെ ബാറ്റില്‍ നിന്നായിരുന്നു. തകര്‍ത്തടിച്ച സ്മൃതിയെ ഡാറിക് ബ്രൗണ്‍ മടക്കി. പിന്നാലെ ഷഫാലി ആക്രമണം ഏറ്റെടുത്തെങ്കിലും വണ്‍ ഡൗണായി എത്തിയ യാസ്തിക ഭാട്ടിയ(8) റണ്ണൗട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. നാലാം നമ്പറിലിറങ്ങിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതും ഷഫാലിയും ക്രീസില്‍ ഒരുമിച്ചതോടെ ഇന്ത്യ കുതിച്ചു.

ഹര്‍മന്‍പ്രീതിനെ കാഴ്ചക്കാരിയാക്കി ഷഫാലിയാണ് ആക്രമിച്ചു കളിച്ചത്. സ്കോര്‍ 93ല്‍ നില്‍ക്കെ അര്‍ധസെഞ്ചുറിക്കരികില്‍ ഷഫാലി(33 പന്തില്‍ 48) മടങ്ങി. പിന്നീടെത്തിയവര്‍ക്കാര്‍ക്കും ഹര്‍മന്‍പ്രീതിന് പിന്തുണ നല്‍കാനായില്ല. ജെമീമ റോഡ്രിഗസ്(11), ദീപ്തി ശര്‍മ(1), ഹര്‍ലീന്‍ ഡിയോള്‍(7) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ഒറ്റക്ക് പൊരുതി ഹര്‍മന്‍പ്രീതാണ്(34 പന്തില്‍ 52) ഇന്ത്യക്ക് പൊരുതാവുന്ന സ്കോര്‍ സമ്മോനിച്ചത്.

ഇരുപതാം ഓവറിലെ അഞ്ചാം പന്തിലാണ് ഹര്‍മന്‍പ്രീത് പുറത്തായത്. രാധാ യാദവ് രണ്ട് റണ്‍സുമായി പുറത്താകാതെ നിന്നു. തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായതോടെ അവസാന നാലോവറില്‍ ഇന്ത്യക്ക് 35 റണ്‍സെ നേടാനായുള്ളു. ഓസീസിനായി ജൊനാസന്‍ നാലോവറില്‍ 22 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ഷട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി.

Follow Us:
Download App:
  • android
  • ios