ഇന്ത്യയ്ക്കെതിരായ ഗാലെ ടെസ്റ്റില്‍ ഫീല്‍ഡിംഗിനിടെ ദിനേശ് ചണ്ഡിമാലിന് പരിക്കേറ്റു. കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി എത്തിയ പസിന്ദു സൂര്യബന്ദര നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി ശ്രീലങ്കയ്ക്ക് നിരാശ സമ്മാനിച്ചു.

ഗാലെ: ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ നാലാം ദിനം ശ്രീലങ്കന്‍ ടീമിന് അപ്രതീക്ഷിത തിരിച്ചടി. ഫീല്‍ഡിംഗിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ദിനേശ് ചണ്ഡിമാലിന് പകരം പസിന്ദു സൂര്യബന്ദര കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി കളത്തിലിറങ്ങി. എന്നാല്‍ ലങ്കന്‍ ബാറ്റിംഗ് നിരയില്‍ പ്രതീക്ഷയോടെയെത്തിയ സൂര്യബന്ദരയ്ക്ക് തിളങ്ങാനായില്ല. നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താവുകയായിരുന്നു താരം.

ഇന്ത്യയ്ക്കെതിരായ എസ്എല്‍സി ഇലവന്‍ സന്നാഹ മത്സരത്തില്‍ യഥാക്രമം 35, 4 എന്നിങ്ങനെയായിരുന്നു സൂര്യബന്ദരയുടെ സ്‌കോറുകള്‍. ഇത്തവണ ചെറുത്തുനില്‍ക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍ മാനവ് സുതറുടെ പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ആദ്യം അമ്പയര്‍ ഔട്ട് വിധിച്ചില്ലെങ്കിലും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ റിവ്യൂ എടുക്കാന്‍ തീരുമാനിച്ചു. ഡിആര്‍എസ് പരിശോധനയില്‍ മൂന്ന് റെഡും തെളിഞ്ഞതോടെ സൂര്യബന്ദരയ്ക്ക് മടങ്ങേണ്ടി വന്നു.

നേരത്തെ, ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടയിലാണ് 36 കാരനായ ചണ്ഡിമാലിന് തോളിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റത്. കനത്ത വീഴ്ചയില്‍ വലതു കഴുത്തുഭാഗത്ത് പരിക്കേറ്റ താരം വേദനയോടെ മൈതാനത്ത് വീഴുകയായിരുന്നു. ഉടന്‍തന്നെ മെഡിക്കല്‍ സംഘം എത്തി അദ്ദേഹത്തെ പരിശോധിച്ചു.

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഔദ്യോഗിക പ്രസ്താവന

'നാലാം ദിനത്തിലെ ആദ്യ സെഷനില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടയിലാണ് ദിനേശ് ചണ്ഡിമാലിന് പരിക്കേറ്റത്. നിലത്തുവീണ അദ്ദേഹത്തിന്റെ തലയ്ക്കും തോളിനുമാണ് പരിക്കേറ്റത്. മുന്‍കരുതലിന്റെ ഭാഗമായി സ്‌കാനിംഗിന് വിധേയനാക്കിയെങ്കിലും ആന്തരിക പരിക്കുകളുടെ ലക്ഷണങ്ങളൊന്നുമില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് ഡോക്ടറും ഫിസിയോയും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കണ്‍കഷന്‍ ലക്ഷണങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തുകയും മത്സരത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ചണ്ഡിമാലിന് പകരം പസിന്ദു സൂര്യബന്ദര കണ്‍കഷന്‍ പകരക്കാരനായി കളത്തിലിറങ്ങും. മാച്ച് റഫറി ഈ പകരക്കാരന് അനുമതി നല്‍കിയിട്ടുണ്ട്.' പ്രസ്താവനയില്‍ വ്യക്തമാക്കി.

YouTube video player