ലണ്ടന്‍: കൊവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പര്യടനം റദ്ദാക്കി.  ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി സന്നാഹ മത്സരത്തില്‍ പങ്കെടുക്കുകയായിരുന്ന ഇംഗ്ലണ്ട് മത്സരം റദ്ദാക്കി ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോവാന്‍ തീരുമാനിച്ചു.

ഈ മാസം 19നാണ് ഇംഗ്ലണ്ട്-ശ്രീലങ്ക ടെസ്റ്റ് പരമ്പര തുടങ്ങേണ്ടിയിരുന്നത്. കളിക്കാരെ എത്രയും വേഗം അവരുടെ കുടുംബാംഗങ്ങളുടെ അടുത്തെത്തിക്കാനാണ് ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ശ്രീലങ്കന്‍ ബോര്‍ഡ് പ്രസിഡന്റ് ഇലവനെതിരായ ചതുര്‍ദിന പരിശീലന മത്സരത്തിന്റെ രണ്ടാം ദിനം ഒടുവിലാണ് ഇംഗ്ലണ്ട് ടീം തിരിച്ചുപോവാനുള്ള തീരുമാനത്തിലെത്തിയത്. ഫീല്‍ഡ് ചെയ്യുകയായിരുന്ന ഇംഗ്ലണ്ട് താരങ്ങളെ ക്യാപ്റ്റന്‍ ജോ റൂട്ട് തിരിച്ചുവിളിക്കുകയും കളി മതിയാക്കിയതായി അറിയിക്കുകയുമായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ കളിക്കാര്‍ക്ക് അജ്ഞാതരോഗം ബാധിച്ച് ഇംഗ്ലണ്ട് ടീം വലഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ഏറെ മുന്‍കരുതലുകളുമായാണ് ഇംഗ്ലണ്ട് ടീം ശ്രീലങ്കന്‍ പര്യടനത്തിനെത്തിയത്. എതിര്‍ ടീം കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കുകയോ ആരാധകരുമായി ഇടപഴകുകയോ ചെയ്യരുതെന്ന് കളിക്കാരോട് നിര്‍ദേശിച്ചിരുന്നു.