ചണ്ഡീഗഡ്: കൊവിഡ് ബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ ഫൗണ്ടേഷന് സാമ്പത്തിക സഹായം നല്‍കാന്‍ അഭ്യര്‍ത്ഥിച്ച മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. അഫ്രീദി ഫൗണ്ടേഷന് സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ട് യുവി ട്വീറ്റ് ചെയ്ത വീഡിയോ ആണ് ആരാധകരുടെ വിമര്‍ശനത്തിന് കാരണമായത്.

ഇന്ത്യന്‍ ടീമിലെ സഹതാരമായിരുന്ന ഹര്‍ഭജന്‍ സിംഗാണ് തന്നെ ഇതിലേക്ക് ക്ഷണിച്ചതെന്ന് പറഞ്ഞാണ് യുവി വീഡിയോ തുടങ്ങുന്നത്. കൊവിഡ് 19 ലോകരാജ്യങ്ങളെയാകെ ബാധിച്ചിട്ടുണ്ടെന്നും പാക്കിസ്ഥാനില്‍ അഫ്രീദിയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്‍ കൊറണോ ബാധിതര്‍ക്കായി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നതായി ഹര്‍ഭജന്‍ പറഞ്ഞിരുന്നുവെന്നും യുവി പറയുന്നു. പരീക്ഷണഘട്ടത്തിലൂടെയാണ് ലോകം മുഴുവന്‍ കടന്നുപോവുന്നതെന്നും ഈ സമയത്ത് ഒരുമിച്ച് നില്‍ക്കേണ്ടത് ആവശ്യമാണെന്നും പറഞ്ഞാണ് യുവി അഫ്രീദി ഫൗണ്ടേഷന് സംഭാവന നല്‍കണമെന്ന് ആഭ്യര്‍ത്ഥിച്ചത്.

തന്റെ പേരിലുള്ള യുവി ക്യാന്‍ ഫൗണ്ടേഷനും കൊറോണ ബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ മുന്‍നിരയിലുണ്ടെന്ന് യുവി ഓര്‍മിപ്പിക്കുന്നുണ്ട്. എന്നാല്‍ പ്രധാനമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പമം സംഭാവന ചെയ്യാന്‍ പറയാതെ എന്തുകൊണ്ടാണ് അഫ്രീദിയുടെ ഫൗണ്ടേഷന് പണം സംഭാവന നല്‍കണമെന്ന് ആവശ്യപ്പെടുന്നത് എന്നാണ് ആരാധകര്‍ യുവിയോട് ചോദിക്കുന്നത്. ഷാഹിദ് അഫ്രീദി ഫൗണ്ടേഷന് സംഭാവന നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ഹര്‍ഭജന്‍ സിംഗും നേരത്തെ രംഗത്ത് വന്നിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗംഗുലിയും സുരേഷ് റെയ്നയും അടക്കമുള്ളവര്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കുമ്പോള്‍ യുവി മാത്രം പാക് താരത്തിന്റെ ഫൗണ്ടേഷന് സംഭാവന നല്‍കാന്‍ അഭ്യര്‍ത്ഥിച്ചത് അനുചിതമായിപ്പോയെന്നാണ് ആരാധകര്‍ പറയുന്നത്.