ചണ്ഡീഗഡ്: ലോക്ക് ഡൌണ്‍ കാലത്ത് എല്ലാവരും അവരവരുടെ വീടുകളില്‍ സുരക്ഷിതരായി കഴിയുമ്പോള്‍ ഒരുനേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ വഴിയരികില്‍ കിടക്കുന്ന ആയിരക്കണക്കിനാളുകളുണ്ട് നമ്മുടെ രാജ്യത്ത്. ലോക്ക് ഡൌണ്‍ കാലത്ത്     പോലീസിന്റെ അമിതാധികാര പ്രയോഗത്തെ പലരും വിമര്‍ശിക്കുമ്പോഴും സഹജീവികളോട് സ്നേഹത്തോടെ പെരുമാറുന്നവരുമുണ്ടെന്ന് പറയുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. 

ഉത്തരേന്ത്യയിലെ ഒരു നഗരത്തിൽ വഴിയരികിൽ പട്ടിണി കിടക്കുന്ന പാവപ്പെട്ട ഒരാൾക്ക് ഏതാനും പൊലീസുകാർ അവരുടെ ഭക്ഷണം പങ്കുവയ്ക്കുന്ന വിഡിയോ പങ്കുവെച്ചാണ് യുവരാജ് പോലീസിന്റെ നടപടിക്ക് കൈയടിക്കുന്നത്. പൊലീസുകാരിൽനിന്ന് ഇതുപോലെ മനുഷ്യത്വപരമായ പ്രവർത്തി കാണുന്നത് ഹൃദയം തൊടുന്ന അനുഭവമാണെന്ന് പറഞ്ഞാണ് യുവി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

സ്വന്തം ഭക്ഷണം മറ്റൊരാൾക്കായി പങ്കുവച്ച് ഇതുപോലൊരു പ്രതിസന്ധി ഘട്ടത്തിൽ അവർ പ്രകടിപ്പിക്കുന്ന മഹാമനസ്കതയോട് അളവറ്റ ബഹുമാനം മാത്രമെയുള്ളൂവെന്ന് യുവരാജ് ട്വിറ്ററിൽ കുറിച്ചു. നേരത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരമായിരുന്ന ഷാഹിദ് അഫ്രീദിയുടെ നേതൃത്വത്തിലുള്ള ഫൌണ്ടേഷന് സഹായ അഭ്യര്‍ത്ഥന നടത്തിയതിന്റെ പേരില്‍ യുവിയെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.