ശ്രീലങ്കയില്‍ നിന്ന് നല്ല വാര്‍ത്തകളല്ല പുറത്തുവരുന്നത്. രണ്ട് ശ്രീലങ്കന്‍ താരങ്ങള്‍ കൊവിഡ് പോസിറ്റീവായെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. കുശാല്‍ പെരേര, ആവിഷ്‌ക ഫെര്‍ണാണ്ടോ എന്നിരാണ് കൊവിഡ് പോസിറ്റീവായത്.

കൊളംബൊ: പാകിസ്ഥാനില്‍ നടക്കേണ്ട ഏഷ്യാ കപ്പ് ക്രിക്കറ്റ് സുരക്ഷ കാരണങ്ങളെ തുടര്‍ന്നാണ് ഹൈബ്രിഡ് രീതിയിലേക്ക് മാറ്റിയത്. മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെ ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഈ മാസം 30ന് പാകിസ്ഥാന്‍, നേപ്പാളിനെ നേരിടുന്നതോടെ ഏഷ്യാ കപ്പിന് തുടക്കമാവും. 

എന്നാല്‍ ശ്രീലങ്കയില്‍ നിന്ന് നല്ല വാര്‍ത്തകളല്ല പുറത്തുവരുന്നത്. രണ്ട് ശ്രീലങ്കന്‍ താരങ്ങള്‍ കൊവിഡ് പോസിറ്റീവായെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. കുശാല്‍ പെരേര, ആവിഷ്‌ക ഫെര്‍ണാണ്ടോ എന്നിരാണ് കൊവിഡ് പോസിറ്റീവായത്. ഇരുവരും നിരീക്ഷണത്തില്‍. മറ്റുള്ളവരിലേക്ക് വ്യാപിക്കാതിരിക്കാനാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ശ്രമിക്കുന്നത്. അതേസമയം, പേസ് ബൗളര്‍ ദുഷ്മന്ത ചമീര, ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരങ്ക എന്നിവര്‍ക്കും പരിക്കാണ്. ചമീരയ്ക്ക് ടൂര്‍ണമെന്റ് മുഴുവന്‍ നഷ്ടമായി. ലങ്ക പ്രീമിയര്‍ ലീഗ് ഫൈനലിനിടെയാണ് ഹസരങ്കയ്ക്ക് പരിക്കേല്‍ക്കുന്നത്. ചുരുങ്ങിയത് രണ്ട് മത്സരങ്ങളെങ്കിലും താരത്തിന് നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ഇന്ത്യന്‍ ടീം പൂര്‍ണ സജ്ജമാണ്. ഏഷ്യാ കപ്പിന് മുന്നോടിയായി ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഇന്ന് മുതല്‍ ടീം ക്യാംപ് നടക്കുന്നുണ്ട്. അയര്‍ലന്‍ഡ് പര്യടനത്തിനില്ലാതിരുന്ന നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ താരങ്ങള്‍ ദിവസങ്ങള്‍ മുന്നേ തന്നെ എന്‍സിഎയില്‍ എത്തിയിരുന്നു.

ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ നിന്ന് സന്തോഷ വാര്‍ത്തയാണ് ഈ താരങ്ങള്‍ പങ്കുവെക്കുന്നത്. മൂവരും യോ യോ ടെസ്റ്റ് മറികടന്നിരിക്കുന്നു. പരിക്കിന് ശേഷം മടങ്ങിയെത്തി അയര്‍ലന്‍ഡിന് എതിരായ ട്വന്റി 20 പരമ്പരയില്‍ തിളങ്ങിയ പേസര്‍മാരായ ജസ്പ്രീത് ബുമ്രയും പ്രസിദ്ധ് കൃഷ്ണയും പ്രതീക്ഷ നിലനിര്‍ത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ വലിയ ഫിറ്റ്‌നസ് പ്രശ്‌നങ്ങളില്ലാതെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏഷ്യാ കപ്പിനായി പറക്കും എന്ന് കരുതാം.

ഏഷ്യാ കപ്പ് അരികെ! മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ഭാര്യ ഹസിന്‍ ജഹാന്‍