നേരത്തെ പ്രഖ്യാപിച്ച പതിനെട്ടംഗ ടീമില്‍ നിന്ന് തന്‍വീര്‍ സംഗ, നതാന്‍ എല്ലിസ്, ആരോണ്‍ ഹാര്‍ഡി എന്നിവരാണ് പുറത്തായത്. ഈ ടീം തന്നെയാണ് ഈ മാസം ഇന്ത്യക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലും കളിക്കുക.

മെല്‍ബണ്‍: ഏകദിന ലോകകപ്പിന് ശക്തമായ ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ടീമില്‍ അപ്രതീക്ഷിത മാറ്റങ്ങളൊന്നുമില്ല. പ്രമുഖരെല്ലാം ടീമിലെത്തി. നേരത്തെ പ്രഖ്യാപിച്ച പതിനെട്ടംഗ ടീമില്‍ നിന്ന് തന്‍വീര്‍ സംഗ, നതാന്‍ എല്ലിസ്, ആരോണ്‍ ഹാര്‍ഡി എന്നിവരാണ് പുറത്തായത്. ഈ ടീം തന്നെയാണ് ഈ മാസം ഇന്ത്യക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലും കളിക്കുക. അതേസമയം, ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ഏകദിന ലോകകപ്പിലെ ഏറ്റവും സന്തുലിതമായ ടീമാണ് ഓസീസിന്റേതെന്ന അഭിപ്രായവുമുണ്ട്.

ആഡം സാംപ, അഷ്ടണ്‍ അഗര്‍ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും പന്തെടുക്കും. പേസ് ഓള്‍റൗണ്ടര്‍മാരായി മിച്ചല്‍ മാര്‍ഷ്, മാര്‍കസ് സ്‌റ്റോയിനിസ്, കാമറൂണ്‍ ഗ്രീന്‍ എന്നവരും ടീമിലെത്തി. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവരാണ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍. അലക്‌സ് ക്യാരി, ജോഷ് ഇന്‍ഗ്ലിസ് എന്നിവര്‍ വിക്കറ്റ് കീപ്പര്‍മാരാവും. കമ്മിന്‍സിന് പുറമെ ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ സ്‌പെഷ്യലിസ്റ്റ് പേസര്‍മാരായി ടീമിലുമെത്തി.

ഓസീസിന്റെ പതിനഞ്ചംഗ ടീം: പാറ്റ് കമ്മിന്‍സ്, സീന്‍ അബോട്ട്, അഷ്ടണ്‍ അഗര്‍, അലക്സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, ജോസ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇന്‍ഗ്ലിസ്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍കസ് സ്റ്റോയിനിസ്, ഡേവിഡ് വാര്‍ണര്‍, ആഡം സാംപ.

മര്‍നസ് ലബുഷെയ്‌നിനെ പതിനെട്ടംഗ ടീമില്‍ നിന്ന് തന്നെ മാറ്റിയിരുന്നു. കഴിഞ്ഞ ഇന്ത്യന്‍ പര്യടനത്തില്‍ ഓസ്ട്രേലിയന്‍ ഏകദിന ടീമിന്റെ ഭാഗമായിരുന്നു ലബുഷെയ്ന്‍ 2020ല്‍ അരങ്ങേറിയതിന് ശേഷം ഇതുവരെ 30 ഏകദിന മത്സരങ്ങള്‍ കളിച്ചു. 31.37 ശരാശരിയില്‍ 847 റണ്‍സാണ് സമ്പാദ്യം.

ഏഷ്യാ കപ്പ്: സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം! ലാഹോറില്‍ പാകിസ്ഥാന്‍ ബംഗ്ലാദേശിനെതിരെ