സിഡ്‍നി: പുരുഷ ടി20 ലോകകപ്പില്‍ സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് റിസർവ് ദിനങ്ങള്‍ വേണമെന്ന ആവശ്യം ഐസിസി ക്രിക്കറ്റ് സമിതി യോഗത്തില്‍ ക്രിക്കറ്റ് ഓസ്‍ട്രേലിയ മുന്നോട്ടുവെച്ചേക്കും എന്ന് റിപ്പോർട്ട്. 

വനിതാ ടി20 ലോകകപ്പില്‍ നോക്കൌട്ട് റൌണ്ടില്‍ റിസർവ് ദിനങ്ങള്‍ ഇല്ലാതിരുന്നതില്‍ ഐസിസി കടുത്ത വിമർശനം നേരിട്ടിരുന്നു. ഇന്ത്യക്കെതിരായ സെമി മഴ കൊണ്ടുപോയതിനെ തുടർന്ന് ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി. ഗ്രൂപ്പ് എ ചാമ്പ്യന്‍മാരായതിനാല്‍ ഇന്ത്യ നേരിട്ട് ഫൈനലിന് യോഗ്യത നേടുകയായിരുന്നു.

കൊവിഡ് 19: ടി20 ലോകകപ്പിന് മാറ്റമില്ല!

കായികലോകം കൊവിഡ് 19 ഭീതിയിലാണെങ്കിലും ഈ വർഷത്തെ പുരുഷ ട്വന്‍റി 20 ലോകകപ്പ് മുൻനിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ(ഐസിസി) വ്യക്തമാക്കിയിട്ടുണ്ട്. ഓസ്ട്രേലിയയിൽ ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് ടി20 ലോകകപ്പ് നടക്കേണ്ടത്. ഏഴ് വേദികളിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. നവംബർ 15ന് വിഖ്യാത മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൌണ്ടിലാണ് കലാശപ്പോര്. 

ഓസ്ട്രേലിയയിലെ ടി20 ലോകകപ്പിന് റിസർവ് ദിനങ്ങള്‍ നിശ്ചയിച്ചിട്ടില്ല. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പില്‍ നോക്കൌട്ട് മത്സരങ്ങള്‍ക്ക് റിസർവ് ദിനങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നിരുന്നു. വനിതാ ഏകദിന ലോകകപ്പിലും ഈ രീതി നടപ്പാക്കിയിട്ടുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക