സൂററ്റ്: വനിത ടി20യില്‍ അമ്പരിപ്പിക്കുന്ന പ്രകടനവുമായി ഇന്ത്യന്‍ താരം ദീപ്തി ശര്‍മ. ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരെ സൂററ്റില്‍ നടന്ന ആദ്യ ടി20യിലാണ് ദീപ്തിയുടെ മാസ്മരിക പ്രകടനം. മത്സരത്തില്‍ നാല് ഓവല്‍ എറിഞ്ഞ ദീപ്തി നാലോവറില്‍ വിട്ടുനല്‍കിയത് എട്ട് റണ്‍സ് മാത്രം. മൂന്ന് വിക്കറ്റും സ്വന്തമാക്കി. എന്നാല്‍ ആശ്ചര്യം അവിടെയൊന്നുമല്ല. ദീപ്തി എറിഞ്ഞ ആദ്യ മൂന്ന് ഓവറില്‍ മെയ്ഡനായിരുന്നു എന്നതാണ്. ഇതില്‍ രണ്ടാം ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 

മൂന്നാം ഓവര്‍ എറിയാനാണ് ദീപ്തി ആദ്യമെത്തിയത്. പിന്നാലെ അഞ്ചാം ഓവറും ക്യാപ്റ്റന്‍ ദീപ്തിക്ക് നല്‍കി. ഇതിലായിരുന്നു രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഇതോടെ സന്ദര്‍ശകര്‍ അഞ്ച് ഓവറില്‍ മൂന്നിന് 29 എന്ന നിലയിലേക്ക് വീണു. പിന്നീട് എത്തിയത് 14ാം ഓവര്‍ എറിയാനാണ്. രണ്ടാം പന്തില്‍ തന്നെ വിക്കറ്റ്. ആ ഓവറിലും ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. 19ാം ഓവറില്‍ ഒരു വൈഡ് ഉള്‍പ്പെടെ എട്ട് റണ്‍സ് വിട്ടുനല്‍കുകയായിരുന്നു.

ബാറ്റ് ചെയ്തപ്പോള്‍ 16 റണ്‍സാണ് ദീപ്തി നേടിയത്. മത്സരത്തില്‍ ഇന്ത്യ 11 റണ്‍സിന് വിജയിച്ചിരുന്നു. അഞ്ച് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.