Asianet News MalayalamAsianet News Malayalam

ഫോമിലായിട്ടും സഞ്ജു പുറത്ത്, ഫോമിലല്ലാത്ത പന്ത് അകത്ത്; ആരാധകർ അസ്വസ്ഥരാണ്

തുടർച്ചയായി അവസരങ്ങൾ നൽകിയിട്ടും റിഷഭ് പന്തിനെ ഉൾപ്പെടുത്തി സഞ്ജുവിനെ പുറത്തിരുത്തിയതിനെതിരെയും രൂക്ഷമായ ആരാധക പ്രതികരണമുണ്ടായി.

Cricket Fans critics Sanju Samson exclusion from second ODI
Author
First Published Nov 27, 2022, 12:29 PM IST

ഹാമിൽട്ടൻ: മികച്ച ഫോമിൽ ബാറ്റ് വീശിയിട്ടും ന്യൂസിലൻഡിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണെ പുറത്തിരുത്തിയതിൽ കടുത്ത വിമർശനവുമായി ക്രിക്കറ്റ് ആരാധകർ. ബിസിസിഐക്കും ക്യാപ്റ്റൻ ശിഖർ ധവാനുമെതിരെയാണ് കൂടുതൽ വിമർശനമുയർന്നത്. തുടർച്ചയായി അവസരങ്ങൾ നൽകിയിട്ടും റിഷഭ് പന്തിനെ ഉൾപ്പെടുത്തി സഞ്ജുവിനെ പുറത്തിരുത്തിയതിനെതിരെയും രൂക്ഷമായ ആരാധക പ്രതികരണമുണ്ടായി. ഇന്ത്യൻ ടീമിൽ നിന്ന് വിരമിച്ച് മറ്റേതെങ്കിലും രാജ്യത്തിനായി സഞ്ജു കളിക്കണമെന്നുവരെ ആരാധകർ പറഞ്ഞു. ബിസിസിഐ ബോധപൂർവം സഞ്ജുവിനെ തഴയുകയാണെന്നും ഇതെല്ലാം രാഷ്ട്രീയത്തിന്റെ ഭാ​ഗമാണെന്നും ആരാധകർ ട്വീറ്റ് ചെയ്തു.

തുടർച്ചയായി പരാജയപ്പെട്ടിട്ടും എന്തിനാണ് പന്തിന് വീണ്ടും അവസരം നൽകുന്നതെന്നും സഞ്ജുവിനെ പുറത്തിരുത്താനുള്ള കാരണം എന്താണെന്നും ആരാധകർ ചോദിച്ചു. ബിസിസിഐക്ക് ചിറ്റമ്മ നയമാണെന്നും വിമർശനമുയർന്നു. സഞ്ജുവിനെപ്പോലുള്ള മികച്ച താരങ്ങളെ കളിപ്പിക്കാത്തതുകൊണ്ടാണ് ഇന്ത്യക്ക് ടൂര്‍ണമെന്‍റുകളില്‍ ജയിക്കാനാകാത്തതെന്നും ആരാധകര്‍ പറഞ്ഞു. നിരവധി ആരാധകരാണ് ബിസിസിഐയുടെ ട്വീറ്റിന് മറുപടിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. സഞ്ജുവിന് അവസരം നൽകാത്തതിനെതിരെ നേരത്തെയും വിമർശനമുയർന്നിരുന്നു. 

സഞ്ജു സാംസൺ ഇല്ലാതെയാണ് ടീം ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങിയത്. സഞ്ജുവിനെയും ഷാർദുൽ ഠാക്കൂറിനെയുമാണ് ഇന്ത്യ പുറത്തിരുത്തിയത്. ഇവർക്ക് പകരം ദീപക് ഹൂഡ, ദീപക് ചാഹർ എന്നിവർ ഇടംപിടിച്ചു.  കഴിഞ്ഞ മത്സരത്തിൽ 38 പന്തിൽ 36 റൺസ് സഞ്ജു നേടിയിരുന്നു. ശ്രേയസ് അയ്യരുമായി ചേർന്ന് ഉയർത്തിയ 94 റൺസിന്റെ കൂട്ടുകെട്ട് മത്സരത്തിൽ നിർണായകമായി. 

നേരത്തെ ബം​ഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പര ടീമിലും സഞ്ജു സാംസണെ ഉൾപ്പെടുത്തിയിരുന്നില്ല. 17 അം​ഗ ടീമിൽ റിഷഭ് പന്തും ഇഷാൻ കിഷനും ഇടം പിടിച്ചെങ്കിലും സഞ്ജു പുറത്തായി. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് ടീമിനെ പ്രഖ്യാപിച്ചത്. രണ്ട് ചതുർദിന മത്സരങ്ങൾക്കുള്ള എ ടീമിനെയും പ്രഖ്യാപിച്ചു. മലയാളി താരം രോഹൻ കുന്നുമ്മൽ എ ടീമിൽ ഇടംപിടിച്ചു.  ന്യൂസിലാൻഡിനെതിരെയുള്ള ടി20 പരമ്പരക്കുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.

Follow Us:
Download App:
  • android
  • ios