രണ്ടാം സെമിയില്‍ പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ ഒരു വിക്കറ്റിന്‍റെ അവിശ്വസനീയ ജയം അവസാന ഓവറില്‍ സ്വന്തമാക്കുകയായിരുന്നു

ബെനോനി: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് ദക്ഷിണാഫ്രിക്കയില്‍ തുടക്കമായത് മുതല്‍ ആരാധകര്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്ന ആ സ്വപ്ന നിമിഷം സംജാതമായില്ല. ബന്ധവൈരികള്‍ എന്ന വിശേഷണമുള്ള ഇന്ത്യയും പാകിസ്ഥാനും അണ്ടര്‍ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പിന്‍റെ ഫൈനലില്‍ മുഖാമുഖം വരുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. ഇരു ടീമുകളും സെമിയിലെത്തിയപ്പോള്‍ പ്രതീക്ഷ ഹിമാലയത്തോളം ഉയര്‍ന്നു. എന്നാല്‍ രണ്ടാം സെമിയില്‍ ഓസ്ട്രേലിയക്കെതിരെ വീറോടെ പോരാടിയ പാകിസ്ഥാന്‍ അവസാന ഓവര്‍ വരെ പ്രതീക്ഷ കാത്തുസൂക്ഷിച്ചുവെങ്കിലും പടിക്കല്‍ കീഴടങ്ങിയതോടെ ക്രിക്കറ്റ് പ്രേമികള്‍ക്ക് നിരാശയായി. ഇന്ത്യ-പാക് സ്വപ്ന ഫൈനല്‍ ഉറപ്പിച്ച് രണ്ടാം സെമിക്കിടെ നിരവധി ക്രിക്കറ്റ് പ്രേമികള്‍ ട്വീറ്റ് ചെയ്തിരുന്നു. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ദക്ഷിണാഫ്രിക്കയിലെ ബെനോനി വേദിയായ രണ്ടാം സെമിയില്‍ പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ ഒരു വിക്കറ്റിന്‍റെ അവിശ്വസനീയ ജയം അവസാന ഓവറില്‍ സ്വന്തമാക്കുകയായിരുന്നു. 9 വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് പന്തുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് കങ്കാരുക്കളുടെ വിജയം. 34 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ 15 വയസുകാരന്‍ പാക് പേസര്‍ അലി റാസയ്ക്ക് മുന്നില്‍ വിയര്‍ത്ത ഓസ്ട്രേലിയക്കായി ഹാരി ഡിക്സന്‍ (50), ഒലിവര്‍ പീക്ക് (49), ടോം കാംബെല്‍(25) റാഫ് മക്മില്ലന്‍ (19*) എന്നിവരാണ് ബാറ്റിംഗില്‍ തിളങ്ങിയത്. പാക് പേസര്‍ മുഹമ്മദ് സീഷാന്‍ എറിഞ്ഞ 50-ാം ഓവറിലെ ആദ്യ പന്തില്‍ റാഫ് മക്മില്ലന്‍ ഫോര്‍ നേടിയതോടെയാണ് ഓസ്ട്രേലിയ ജയിച്ച് ഇന്ത്യക്ക് എതിരാളിയായി ഫൈനലിലെത്തിയത്. ഇതോടെ പാകിസ്ഥാന് മടക്ക ടിക്കറ്റും കിട്ടി. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന പാകിസ്ഥാന്‍ അണ്ടര്‍ 19 ടീം 48.5 ഓവറില്‍ 179 റണ്‍സില്‍ എല്ലാവരും പുറത്താവുകയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താന്‍ ഓസീസ് കൗമാര ബൗളര്‍മാര്‍ക്കായി. ആറ് വിക്കറ്റുമായി മീഡിയം പേസര്‍ ടോം സ്ട്രാകറാണ് പാകിസ്ഥാനെ കുറഞ്ഞ സ്കോറില്‍ തളച്ചത്. 9.5 ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ടോമിന്‍റെ ആറ് വിക്കറ്റ് നേട്ടം. പാകിസ്ഥാന്‍ താരങ്ങളില്‍ അസാന്‍ ബെയ്ഗ് (52), അറാഫത്ത് മിന്‍ഹാസ് (52), ഷമില്‍ ഹുസൈന്‍ (17) എന്നിവര്‍ മാത്രമേ രണ്ടക്കം കണ്ടുള്ളൂ. ക്യാപ്റ്റന്‍ സാദ് ബെയ്ഗ് ഉള്‍പ്പടെ എട്ട് താരങ്ങള്‍ ഒരക്കത്തില്‍ ഒതുങ്ങി. 

Read more: നമ്പര്‍ 1 ടെസ്റ്റ് ബൗളറായതിന് പിന്നാലെ നിഗൂഢ പോസ്റ്റ്; വിമര്‍ശകരുടെ വായ പൂട്ടിച്ച് ജസ്പ്രീത് ബുമ്ര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം