അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് ഏഴ് വർഷം കഴിയുന്നു. എന്നാലും ഇപ്പോഴും മൈതാനത്ത് സച്ചിന്‍റെ പേരിൽ ആരവമുയരുന്നു. 

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർക്ക് ഇന്ന് 48-ാം പിറന്നാൾ. ക്രിക്കറ്റ് ഒരു മതമായി കാണുന്ന രാജ്യത്ത് ആരാധകർക്ക് ദൈവമാണ് സച്ചിൻ. ആശംസകളറിയിച്ച എല്ലാവര്‍ക്കും സച്ചിന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ നന്ദി അറിയിച്ചു. 

പതിനാറാം വയസിൽ എടുത്തണിഞ്ഞതാണ് സച്ചിന്‍ ടീം ഇന്ത്യയുടെ നീലക്കുപ്പായം. 24 വർഷം നീണ്ട ക്രിക്കറ്റ് കരിയറിൽ കൈപ്പിടിയില്‍ ഒതുങ്ങാത്തത്ര റെക്കോർഡുകൾ മാസ്റ്റര്‍ ബ്ലാസ്റ്ററിലേക്ക് ആവാഹിച്ചെത്തി. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 30,000ത്തിലേറെ റൺസ്, 100 സെഞ്ചുറികള്‍. കരിയർ അവസാനിപ്പിക്കും മുൻപ് സുന്ദരമായ ഒരു ലോകകപ്പ് കിരീടം. ക്രിക്കറ്റ് സച്ചിനായി മാറിയ സുവര്‍ണ നിമിഷങ്ങള്‍ അങ്ങനെ അനവധി.

സച്ചിന്‍റെ ഏറ്റവും മികച്ച ഇന്നിംഗ്‌സ്?

സച്ചിന്‍റെ വിടവാങ്ങൽ പ്രസംഗം കണ്ണുനിറഞ്ഞ് കേട്ടിരുന്ന ആരാധകരുടെ മനസിലേക്ക് ഏതെല്ലാം ഇന്നിംഗുകളാകും മിന്നിമാഞ്ഞ് പോയിട്ടുണ്ടാവുക? ഏറ്റവും പ്രിയപ്പെട്ട ഇന്നിംഗ്സുകൾ പലർക്കും പലതാകാം. 

നാട്ടിലും വിദേശത്തും സച്ചിന്‍റെ അവിശ്വസനീയ ഇന്നിംഗ്‌സുകളേറെ. 1998ലെ ഷാർജാ കപ്പിൽ ടീമിനെയാകെ സ്വന്തം തോളിലേറ്റി സച്ചിന്‍ ഓസ്‌ട്രേലിയക്കെതിരെ അടിച്ചുകൂട്ടിയ 143 റൺസ്. അവസാന നിമിഷം വെട്ടേറ്റ് വീണെങ്കിലും ഫൈനലിൽ വീണ്ടും വിശ്വരൂപം സച്ചിൻ പുറത്തെടുത്തു. ഫൈനലിൽ നേടിയത് 134 റൺസ്. അങ്ങനെ ഓസ്‌ട്രേലിയയെ തോൽപിച്ച് കപ്പ് ഇന്ത്യ ഉയർത്തി.

പാകിസ്ഥാനെതിരെ 2003 ലോകകപ്പിൽ നേടിയ 98 റൺസ്. ഗ്വാളിയോറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ 200 റൺസ്. 1994ൽ ഓക്‌ലന്‍ഡിൽ വച്ച് ന്യൂസിലൻഡിനെ 15 ഫോറിനും രണ്ട് സിക്‌സറുകള്‍ക്കും ശിക്ഷിച്ച് സ്വന്തമാക്കിയ 98 റൺസ്. അങ്ങനെ സച്ചിന്‍റെ കരിയറിലെ മികച്ച ഇന്നിംഗ്‌സുകളുടെ പട്ടിക നീളും. 

വിരമിക്കല്‍ പ്രസംഗത്തില്‍ പറഞ്ഞതുപോലെ, 22 വാരയ്‌ക്കിടയിലെ 24 വര്‍ഷത്തെ ജീവിതത്തില്‍ നിന്ന് സച്ചിന്‍ പാഡഴിച്ചിട്ട് ഏഴ് വർഷം കഴിയുന്നു. എന്നാലും ഇപ്പോഴും മൈതാനത്ത് സച്ചിന്‍റെ പേരിൽ ആരവമുയരുന്നു. ക്രിക്കറ്റിലൂടെ ജനതയെ ഒരുമിച്ച് നിർത്തുന്ന ആ കരുത്തിന്, നന്ദി സച്ചിൻ.

കുഞ്ഞന്‍ സ്‌കോറുകള്‍; ചെന്നൈ പിച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്റ്റോക്‌സ്