യൂത്ത് ഒളിംപിക്‌സിലും ക്രിക്കറ്റ് മത്സരയിനമാക്കും! ഐസിസിയും ഒളിംപിക് കമ്മിറ്റിയും ചര്‍ച്ച തുടങ്ങി
2030 യൂത്ത് ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യയ്ക്ക് താല്‍പര്യമുണ്ടെന്ന ധാരണയിലാണ് ഐസിസിയുടെ ക്രിക്കറ്റ് ഇടപെടല്‍.
സൂറിച്ച്: 2030 യൂത്ത് ഒളിംപിക്‌സില്‍ ക്രിക്കറ്റ് മത്സര ഇനമായി എത്തിക്കാന്‍ നീക്കം തുടങ്ങി. ഇതിനായി ഐസിസിയും ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മറ്റിയും ചര്‍ച്ചകള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്വന്റി 20യുടെ വരവോടെയാണ് ക്രിക്കറ്റിന് മറ്റ് രാജ്യങ്ങളില്‍ കാഴ്ചക്കാര്‍ കൂടിയത്. അടുത്ത ഒളിംപിക്‌സില്‍ മത്സര ഇനമായി ക്രിക്കറ്റുമെത്തുന്നുണ്ട്. അതിനിടെയാണ് 2030 യൂത്ത് ഒളിംപിക്‌സിലും ക്രിക്കറ്റ് ഉള്‍പ്പെടുത്താന്‍ നീക്കം തുടങ്ങിയത്. ഇതിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് ഐസിസി ഒളിംപിക് കമ്മറ്റിയെ അറിയിച്ചു.
2030 യൂത്ത് ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യയ്ക്ക് താല്‍പര്യമുണ്ടെന്ന ധാരണയിലാണ് ഐസിസിയുടെ ക്രിക്കറ്റ് ഇടപെടല്‍. യൂത്ത് ഒളിംപിക്‌സില്‍ കൂടി ക്രിക്കറ്റ് ഉള്‍പ്പെടുത്തിയാല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് ക്രിക്കറ്റ് എത്തുമെന്ന പ്രതീക്ഷയിലാണ് ഐസിസി. 2036 ഒളിംപിക്‌സിനായി പരിശ്രമിക്കുന്ന ഇന്ത്യ 2030 യൂത്ത് ഒളിംപിക്‌സിനായി പരിശ്രമിക്കുമോ എന്നതില്‍ ഇപ്പോള്‍ വ്യക്തതയില്ല. ക്രിക്കറ്റ് ഉള്‍പ്പെടുത്താനായാല്‍ അത് വലിയ നേട്ടമാകുമെന്നാണ് ഐസിസിയുടെ പ്രതീക്ഷ.
ലോകത്താകെ ക്രിക്കറ്റ് വളര്‍ത്താന്‍ ഇത് സഹായകമാകും. 15 മുതല്‍ 18 വയസ് വരെയുള്ള താരങ്ങള്‍ക്ക് കഴിവ് പ്രകടിപ്പിക്കാനുള്ള അവസരമാകുമെന്ന പ്രതീക്ഷയിലാണ് ഐസിസി. എന്നാല്‍ യൂത്ത് ഒളിംപിക്‌സിലെ ഗ്ലാമറസ് ഇവന്റായി ക്രിക്കറ്റ് ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 2028 ലോസ് ആഞ്ചലസില്‍ ക്രിക്കറ്റ് ഒളിംപിക്‌സിലേക്ക് തിരിച്ചെത്തുകയാണ്. ക്രിക്കറ്റിലെ കരുത്തരായ ഇന്ത്യ പുരുഷ, വനിതാ ഇനങ്ങളില്‍ സ്വര്‍ണമാണ് പ്രതീക്ഷിക്കുന്നത്.