Asianet News MalayalamAsianet News Malayalam

South Africa vs India : ഔദ്യോഗിക തീരുമാനമെത്തി; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം കാണികളില്ലാതെ

സെഞ്ചൂറിയനില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ മാത്രമേ കാണികളെ പ്രവേശിപ്പിക്കാതിരിക്കൂവെന്ന റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ക്രിക്കറ്റ് സൗത്താഫ്രിക്കയും ബിസിസിഐയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന തീരുമാനിക്കുകയായിരുന്നു.
 

Cricket South Africa officially confirms no ticket sales for India series
Author
Centurion, First Published Dec 20, 2021, 11:15 PM IST

സെഞ്ചൂറിയന്‍: ഇന്ത്യയുടെ ദക്ഷിണാണാഫ്രിക്കന്‍ (SAvIND) പര്യടനത്തില്‍ ഒരു മത്സരത്തിലും കാണികളെ പ്രവേശിപ്പിക്കില്ല. മൂന്ന് വീതം ടെസ്റ്റും ഏകദിനങ്ങളുമാണ് ഇന്ത്യ (Team India) ദക്ഷിണാഫ്രിക്കയില്‍ (South Africa) കളിക്കുക. നേരത്തെ, സെഞ്ചൂറിയനില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ മാത്രമേ കാണികളെ പ്രവേശിപ്പിക്കാതിരിക്കൂവെന്ന റിപ്പോര്‍ട്ട് വന്നിരുന്നു.

എന്നാല്‍ ക്രിക്കറ്റ് സൗത്താഫ്രിക്കയും ബിസിസിഐയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന തീരുമാനിക്കുകയായിരുന്നു. കൊവിഡിന്റെ (Covid -19) ഒമിക്രോണ്‍ വകഭേദം പടരുന്ന സാഹര്യത്തിലാണ് ഇരു ക്രിക്കറ്റ് ബോര്‍ഡുകളുടേയും തീരുമാനം. ഇക്കാര്യം ക്രിക്കറ്റ് സൗത്താഫ്രിക്ക ഔദ്യോഗികമായി സ്ഥിരീകരിച്ചു. 

ഡിസംബര്‍ 26ന് സെഞ്ചൂറിയനിലാണ് ദക്ഷിണാഫ്രിക്ക-ഇന്ത്യ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ജനുവരി മൂന്നിന് വാന്‍ഡറേഴ്സില്‍ തുടങ്ങുന്ന രണ്ടാം ടെസ്റ്റിന്റെ ടിക്കറ്റ് വില്‍പനയും ആരംഭിച്ചിരുന്നില്ല. പര്യടനത്തിനായി ഡിസംബര്‍ 16ന് ദക്ഷിണാഫ്രിക്കയിലെത്തിയ ഇന്ത്യന്‍ ടീം ഒരു റിസോര്‍ട്ടില്‍ കര്‍ശന ബയോ-ബബിളിലാണ്. താരങ്ങള്‍ ഇതിനകം പരിശീലനം ആരംഭിച്ചുകഴിഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്കയിലെ ചതുര്‍ദിന ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റ് ഞായറാഴ്ച നീട്ടിവച്ചിരുന്നു. 

ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ടെസ്റ്റ് പരമ്പര നേടിയിട്ടില്ലെന്ന നാണക്കേട് മറികടക്കാനാണ് ടീം ഇന്ത്യ ഇത്തവണ വിരാട് കോലിയുടെ നേതൃത്വത്തിലിറങ്ങുന്നത്. പരിക്ക് കാരണം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും അക്സര്‍ പട്ടേലും ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡിലില്ല. രോഹിത്തിന് പകരം ഇന്ത്യ എ നായകന്‍ പ്രിയങ്ക് പാഞ്ചലിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഹിത്തിന്റെ അഭാവത്തില്‍ കെ എല്‍ രാഹുലിനെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു.  

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), പ്രിയങ്ക് പാഞ്ചല്‍, കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, ജയന്ത് യാദവ്, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുമ്ര, ഷര്‍ദ്ദുള്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്.

Follow Us:
Download App:
  • android
  • ios