ഹാര്‍ദ്ദിക്കിന്‍റെ തിരിച്ചുവരവിന് ഇനിയും കാത്തിരിക്കണോ, പരിക്കിനെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പുറത്ത്
ഇതോടെ ഹാര്‍ദ്ദിക്കിന് 29ന് ലഖ്നൗവില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മത്സരവും അടുത്ത മാസം രണ്ടിന് മുംബൈ വാംഖഡെയില്‍ നടക്കുന്ന ശ്രീലങ്കക്കെതിരായ മത്സരവും നഷ്ടമാകും.

ലഖ്നൗ: ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമാകുമെന്ന് സൂചന. പരിക്കുമൂലം ന്യൂസിലന്‍ഡിനെതിരായ മത്സരം നഷ്ടമായ ഹാര്‍ദ്ദിക്കിന് ഇന്ത്യയുടെ അടുത്ത രണ്ട് മത്സരങ്ങള്‍ കൂടി നഷ്ടമാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇതോടെ ഹാര്‍ദ്ദിക്കിന് 29ന് ലഖ്നൗവില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മത്സരവും അടുത്ത മാസം രണ്ടിന് മുംബൈ വാംഖഡെയില്‍ നടക്കുന്ന ശ്രീലങ്കക്കെതിരായ മത്സരവും നഷ്ടമാകും. അഞ്ചിന് കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍സില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിലെ ഹാര്‍ദ്ദിക്കിന്‍റെ മടങ്ങിവരവുണ്ടാകു എന്നാണ് കരുതുന്നത്. അതിന് മുമ്പ് ഇന്ത്യ സെമി ഉറപ്പിച്ചാല്‍ ഹാര്‍ദ്ദിക്കിന് പരിക്കില്‍ നിന്ന് മോചിതനായി പൂര്‍ണ കായിക്ഷമത വീണ്ടെടുക്കാന്‍ കൂടുതല്‍ സമയം ലഭിക്കും. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ സ്വന്തം ബൗളിംഗില്‍ പന്ത് ഫീല്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹാര്‍ദ്ദിക്കിന്‍റെ ഇടത് കണങ്കാലില്‍ പരിക്കേറ്റത്.
ഐസിസി ഏകദിന റാങ്കിംഗ്: രോഹിത്തിനെ പിന്തള്ളി കോലി, ബാബറിനെ മറികടക്കാനാവാതെ ഗില്‍
പരിക്കില്‍ നിന്ന് മുക്തനാവാനായി നിലവില്‍ ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ ചികിത്സയില്‍ കഴിയുകയാണ് ഹാര്‍ദ്ദിക് ഇപ്പോള്‍. ഇംഗ്ലണ്ടിനെതിരെ ഹാര്‍ദ്ദിക് സ്പെഷലിസ്റ്റ് ബാറ്ററായി കളിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതിന് സാധ്യതയില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നത്.
'ഈ ലോകകപ്പില്‍ പാകിസ്ഥാന്‍ ഇനി ഒരു കളിയും ജയിക്കരുത്', വിമര്‍ശനവുമായി മുന്‍ താരം
ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്തിരുന്നാല്‍ ഇംഗ്ലണ്ടിനും ശ്രീലങ്കക്കുമെതിരെ സൂര്യകുമാര്‍ യാദവിന് ടീമില്‍ അവസരം ഒരുങ്ങുമെന്നാണ് കരുതുന്നത്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ സൂര്യകുമാര്‍ ലോകകപ്പില്‍ അരങ്ങേറിയെങ്കിലും രണ്ട് റണ്‍സെടുത്ത് നില്‍ക്കെ കോലിയുമായുള്ള ധാരണപ്പിശകില്‍ റണ്ണൗട്ടായിരുന്നു. ലോകകപ്പിലെ ആദ്യ അഞ്ച് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ സെമി സ്ഥാനത്തിന് തൊട്ടടുത്താണ്. 29ന് നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്ക് സെമി സ്ഥാനം ഉറപ്പിക്കാനാവും. ഹാര്‍ദ്ദിക്കിന്‍റെ അഭാവത്തില്‍ ഇന്ത്യയുടെ ടീം സന്തുലനം താളം തെറ്റിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക