പാകിസ്ഥാന്‍ ക്രിക്കറ്റ് രക്ഷപ്പെടണമെങ്കില്‍ ഈ ലോകകപ്പില്‍ പാകിസ്ഥാന്‍ ഇനി ഒരു കളിയും ജയിക്കരുത്. കാരണം, ഇനി ജയിച്ചാല്‍ അവര്‍ വീണ്ടും പഴയ തെറ്റകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുമെന്നും കമ്രാന്‍ വ്യക്തമാക്കി.

കറാച്ചി: ലോകകപ്പില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ മോശം പ്രകടനത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം കമ്രാന്‍ അക്മല്‍. പാക് ക്രിക്കറ്റിന് എന്തെങ്കിലും പുരോഗതി ഉണ്ടാകണമെങ്കില്‍ ലോകകപ്പില്‍ പാകിസ്ഥാന്‍ ഇനി ഒരു മത്സരവും ജയിക്കരുതെന്ന് കമ്രാന്‍ അക്മല്‍ സ്വകാര്യ വാര്‍ത്താ ചനലിനോട് പറഞ്ഞു.

പാകിസ്ഥാന്‍ ക്രിക്കറ്റ് രക്ഷപ്പെടണമെങ്കില്‍ ഈ ലോകകപ്പില്‍ പാകിസ്ഥാന്‍ ഇനി ഒരു കളിയും ജയിക്കരുത്. കാരണം, ഇനി ജയിച്ചാല്‍ അവര്‍ വീണ്ടും പഴയ തെറ്റകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുമെന്നും കമ്രാന്‍ വ്യക്തമാക്കി. എന്നാല്‍ പാക് ടീം തോല്‍ക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ തോല്‍ക്കുന്നതിനുവേണ്ടിയല്ല, അവരുടെ ഇഗോ കുറക്കാനാണ് താന്‍ ഇതു പറയുന്നതെന്നും കമ്രാന്‍ അക്മല്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്ക ഇങ്ങനെ അടിച്ചാൽ ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിന് അധികം ആയുസില്ല, ഇനിയുള്ള പോരാട്ടങ്ങള്‍ നിർണായകം

തുടര്‍ തോല്‍വികളെത്തുടര്‍ന്ന് പാകിസ്ഥാന്‍ ടീമിനെതിരെ മുന്‍ താരങ്ങളെല്ലാം രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. മുന്‍ താരങ്ങളില്‍ പലരും ബാബര്‍ അസമിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കണമെന്നും പകരം മുഹമ്മദ് റിസ്‌വാനെയെ ഷഹീന്‍ ഷാ അഫ്രീദിയെയോ ക്യാപ്റ്റനാക്കണമെന്നും പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ബാബറിന്‍റെ തന്ത്രപരമായ പിഴവുകളും മുന്‍ താരങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കളിയുടെ അവസാന ഘട്ടത്തില്‍ ഹസന്‍ അലിക്ക് റിവേഴ്സ് സ്വിംഗ് കിട്ടിക്കൊണ്ടിരുന്നപ്പോള്‍ മറുവശത്ത് സ്പിന്നറെക്കൊണ്ട് പന്തെറിയിപ്പിച്ച ബാബറിന്‍റെ തീരുമാനത്തിനെതിരെ മുന്‍ നായകന്‍ റമീസ് രാജയും രംഗത്തെത്തിയിരുന്നു.

ലോകകപ്പിലെ ആദ്യ രണ്ട് കളികളും ജയിച്ചു തുടങ്ങിയ പാകിസ്ഥാന്‍ 14ന് അഹമ്മദാബാദില്‍ ഇന്ത്യക്കെതിരായ മത്സരം തോറ്റതോടെയാണ് തുടര്‍തോല്‍വികളിലേക്ക് വീണത്. അടുത്ത മത്സരത്തില്‍ ഓസ്ട്രേലിയയോട് തോറ്റ പാകിസ്ഥാന്‍ അവസാന മത്സരത്തില്‍ അഫ്ഗാനോടും കനത്ത തോല്‍വി വഴങ്ങി. വെള്ളിയാഴ്ച ചെന്നൈയില്‍ മിന്നുംഫോമിലുള്ള ദക്ഷിണാഫ്രിക്കയാണ് പാകിസ്ഥാന്‍റെ അടുത്ത എതിരാളികള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക