സിംബാബ്‍വെക്കെതിരായ മത്സരത്തില്‍ ഏറെ ഫീല്‍ഡിംഗ് പിഴവുകള്‍ വിന്‍ഡീസ് താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു
ഹരാരേ: ഐസിസി ഏകദിന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സിംബാബ്‍വെയോട് തോറ്റത് വെസ്റ്റ് ഇന്‍ഡീസ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ വിന്‍ഡീസിന്‍റെ തോല്‍വിയില്‍ യാതൊരു അത്ഭുതവും മുന്‍ നായകനും നിലവിലെ മുഖ്യ പരിശീലകനുമായ ഡാരന്‍ സമി കാണുന്നില്ല. മോശം ഫീല്‍ഡിംഗ് വച്ച് മത്സരങ്ങള്‍ ജയിക്കാനാവില്ല എന്ന് സമി വിമർശിച്ചു. ഇത്തരത്തിലുള്ള ഫീല്‍ഡിംഗാണ് കാഴ്ചവെക്കുന്നത് എങ്കില്‍ എതിർ ടീമിലെ ബാറ്റർമാർക്ക് ഏറെ അവസരങ്ങള്‍ ലഭിക്കും. ഈ ദിനം വിജയം നമ്മള്‍ അർഹിച്ചിരുന്നില്ല എന്നും സമി പറഞ്ഞു. സിംബാബ്‍വെക്കെതിരായ മത്സരത്തില്‍ ഏറെ ഫീല്‍ഡിംഗ് പിഴവുകള്‍ വിന്‍ഡീസ് താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു.
'ലോകകപ്പിന് യോഗ്യത നേടുന്നതില്‍ നിന്ന് ഇത് തടസമായില്ലെങ്കിലും സാഹചര്യം കുറച്ച് കഠിനമാക്കി. ലോകകപ്പ് കളിക്കാനുള്ള സാധ്യത ഞാന്‍ തള്ളിക്കളയുന്നില്ല. ഞാന്‍ താരങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിക്കുകയുമാണ്. കൂടുതല്‍ ഉത്തരവാദിത്തം താരങ്ങള്‍ കാട്ടണം' എന്നും ഡാരന്‍ സമി കൂട്ടിച്ചേർത്തു. വെസ്റ്റ് ഇന്‍ഡീസിന് രണ്ട് ടി20 ലോകകപ്പുകള്‍ സമ്മാനിച്ച നായകനായ സമി ടീമിനായി 38 ടെസ്റ്റുകളും 126 ഏകദിനങ്ങളും 68 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. നിലവില്‍ വൈറ്റ് ബോള്‍ ടീമുകളുടെ മുഖ്യ പരിശീലകനാണ്.
ഏകദിന റാങ്കിംഗില്‍ ഒരു സ്ഥാനം മുന്നിട്ടുനില്‍ക്കുന്ന വെസ്റ്റ് ഇന്‍ഡീസ് 35 റണ്ണിന്‍റെ തോല്‍വിയാണ് സിംബാബ്‍വെയോട് നേരിട്ടത്. സിംബാബ്‍വെ മുന്നോട്ടുവെച്ച 269 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെസ്റ്റ് ഇന്‍ഡീസ് 44.4 ഓവറില്‍ 233 റണ്‍സില്‍ എല്ലാവരും പുറത്തായി. സ്കോർ: സിംബാബ്‍വെ- 268-10 (49.5), വിന്‍ഡീസ്- 233-10 (44.4). സിംബാബ്‍വെയുടെ സിക്കന്ദർ റാസ അർധസെഞ്ചുറിയും(58 പന്തില്‍ 68) രണ്ട് വിക്കറ്റും നേടി കളിയിലെ താരമായി. വിന്‍ഡീസിനായി കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി കണ്ടെത്തിയ നായകന്‍ ഷായ് ഹോപ് 39 പന്തില്‍ 30 ഉം, നിക്കോളസ് പുരാന്‍ 36 പന്തില്‍ 34 ഉം റണ്ണില്‍ മടങ്ങിയപ്പോള്‍ 53 പന്തില്‍ 44 റണ്‍സെടുത്ത ചേസിന്‍റെ പ്രതിരോധം ടീമിനെ കാത്തില്ല.
Read more: കീശ കാലി; സിംബാബ്‍വെയോട് തോറ്റമ്പിയതിന് പിന്നാലെ നാണംകെട്ട് വെസ്റ്റ് ഇന്‍ഡീസ്

