ലണ്ടന്‍: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഫേസ് ആപ് തരംഗമാണ്. പ്രായമാകുമ്പോള്‍ തങ്ങള്‍ എങ്ങെനയിരിക്കുമെന്ന് കാണിക്കാനായി ആളുകള്‍ ഫേസ്ബുക്കില്‍ ഫോട്ടോകളിട്ട് തകര്‍ക്കുന്നു. ഇതു കണ്ട് ഐസിസിയും വെറുതിയിരുന്നില്ല. ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീം അംഗങ്ങളെ ഫേസ് ആപ്പ് ഉപയോഗിച്ച് പ്രായം കൂട്ടി ഇട്ട ട്വീറ്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഇംഗ്ലണ്ട് താരങ്ങളായ ഓയിന്‍ മോര്‍ഗന്‍, ജോ റൂട്ട്, ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍സ്റ്റോ എന്നിവരുടെ പ്രായമായ ഫോട്ടോകളുടെ കൊളാഷ് ട്വീറ്റ് ചെയ്താണ് ഐസിസി ആരാധകരെ ഞെട്ടിച്ചത്. ഒപ്പം ഒരു അടിക്കുറിപ്പും, സൂപ്പര്‍ ഓവര്‍ കണ്ടിരിക്കുന്ന നിങ്ങള്‍ക്ക് സംഭവിക്കുന്നത് എന്ന്.

ലോകകപ്പ് ഫൈനലില്‍ നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈ ആയ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ ബൗണ്ടറികളുടെ എണ്ണത്തില്‍ മറികടന്നാണ് ഇംഗ്ലണ്ട് ലോക ചാമ്പ്യന്‍മാരായത്. ഇംഗ്ലണ്ടിന്റെ ആദ്യ ലോക കിരീടമാണിത്.