ഐപിഎല്ലില്‍ മുംബൈ കുപ്പായത്തില്‍ 10 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള 21കാരനായ ബ്രെവിസ് ഇത്തവണ ദക്ഷിണാഫ്രിക്കന്‍ ടി20യിലെ റണ്‍വേട്ടയില്‍ ആദ്യ പത്തിലെത്തിയിരുന്നു.
ചെന്നൈ: ഐപിഎല്ലില്‍ തുടര്‍ തോല്‍വികളില്‍ വലയുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് സീസണിലെ ബാക്കിയുള്ള മത്സരങ്ങള്‍ക്കായി ദക്ഷിണാഫ്രിക്കൻ യുവതാരം ഡിവാള്‍ഡ് ബ്രെവിസിനെ ടീമിലെടുത്തു. പരിക്കേറ്റ പേസര്‍ ഗുര്‍ജപ്നീത് സിംഗിന് പകരക്കാരനായാണ് ബ്രെവിസിനെ ചെന്നൈ ടീമിലെത്തിച്ചത്. ടീമില്‍ ഒരു വിദേശ താരത്തിന്‍റെ ഒഴിവുള്ളതിനാലാണ് പരിക്കേറ്റ ഗുര്‍ജപ്നീത് സിംഗിന് പകരം ബ്രെവിസിനെ ടീമിലെത്തിക്കാന്‍ ചെന്നൈക്കായത്.
ഐപിഎല്ലില്‍ മുമ്പ് മുംബൈ ഇന്ത്യൻസിനായി കളിച്ചിട്ടുള്ള ബ്രെവിസിനെ ഇത്തവണത്തെ താരലേലത്തില്‍ ആരും ടീമിലെടുത്തിരുന്നില്ല, കളിശൈലിയിലും ബാറ്റിംഗിലും ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്സിനെ അനുസ്മരിപ്പിക്കുന്ന ബ്രെവിസ് ദക്ഷിണാഫ്രിക്കന്‍ കുപ്പായത്തിലും കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈ കുപ്പായത്തില്‍ 10 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള 21കാരനായ ബ്രെവിസ് ഇത്തവണ ദക്ഷിണാഫ്രിക്കന്‍ ടി20യിലെ റണ്‍വേട്ടയില്‍ ആദ്യ പത്തിലെത്തിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ ടി20യില്‍ 184.17 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത ബ്രെവിസ് ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റിനും ഉടമയായി.
സീസണില്‍ ചെന്നൈ ബാറ്റിംഗിന്‍റെ മെല്ലെപ്പോക്ക് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഓപ്പണര്‍മാരായ രചിന്‍ രവീന്ദ്രയും ഡെവോണ്‍ കോണ്‍വെയും ഫോമിലാവാത്തതും റുതുരാജ് ഗെയ്ക്‌വാദ് പരിക്കേറ്റ് പുറത്തായതും ചെന്നൈ ബാറ്റിംഗിനെ ബാധിച്ചിരുന്നു. ആദ്യ മത്സരങ്ങളില്‍ ഓപ്പണറായി ഇറങ്ങിയ രാഹുല്‍ ത്രിപാഠിക്കും തിളങ്ങാനായിരുന്നില്ല. ബ്രെവിസിന്‍റെ വരവ് മധ്യ ഓവറുകളില്‍ ചെന്നൈ ഇന്നിംഗ്സിന് ഗതിവേഗം നല്‍കുമെന്നാണ് ടീം മാനേജ്മെന്‍റ് പ്രതീക്ഷിക്കുന്നത്.
സീസണില്‍ പരിക്കുമൂലം ചെന്നൈ ടീമിലെത്തുന്ന രണ്ടാമത്തെ പകരക്കാരനാണ് ബ്രെവിസ്. നേരത്തെ പരിക്കുമൂലം പുറത്തായ റുതുരാജ് ഗെയ്ക്‌വാദിന്‍റെ പകരക്കാരനായി മുംബൈ താരം ആയുഷ് മാത്രെയെ ചെന്നൈ ടീമിലെടുത്തിരുന്നു. റുതുരാജ് പരിക്കുമൂലം പുറത്തായതോടെ ധോണിയാണ് ശേഷിക്കുന്ന മത്സരങ്ങളില്‍ ചെന്നൈയെ നയിക്കുന്നത്. സീസണില്‍ ആദ്യ ഏഴ് കളികളില്‍ രണ്ട് ജയം മാത്രം നേടിയ ചെന്നൈ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. മറ്റന്നാള്‍ മുംബൈ ഇന്ത്യൻസുമായി വാംഖഡെയിലാണ് ചെന്നൈയുടെ അടുത്ത മത്സരം.
